വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായി റിഷഭ് പന്ത് ഓപ്പൺ ചെയ്യുമെന്നാണ് ആരാധകർ കരുതിയിരുന്നത്. നിലവിൽ ഓപ്പണിങ് സ്ലോട്ടിൽ നിരവധി ഓപ്ഷനുകളാണ് ഇന്ത്യയ്ക്കുള്ളത്. രോഹിത് ശർമയ്ക്കൊപ്പം റിഷഭ് പന്ത്, കെ എൽ രാഹുൽ,ഇഷാൻ കിഷൻ തുടങ്ങിയ ഓപ്ഷനുകളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
ഇത്രയും ഓപ്ഷനുകൾ നിലനിൽക്കെയും കഴിഞ്ഞ മത്സരത്തിൽ ഇന്ത്യൻ ഓപ്പണറായി രോഹിത്തിനൊപ്പം ഇറങ്ങിയത് ടീമിലെ മിഡിൽ ഓർഡർ ബാറ്റ്സ്മാനായ സൂര്യകുമാർ യാദവാണ്. റിതുരാജ് ഗെയ്ക്ക്വാദ്,ഇഷാൻ കിഷൻ,കെ എൽ രാഹുൽ എന്നിങ്ങനെ നിരവധി മികച്ച ഓപ്ഷനുകൾ നിലനിൽക്കെ ഓപ്പണിങ്ങിൽ വീണ്ടും പരീക്ഷണങ്ങൾ നടത്തുന്നത് വലിയ വിമർശനത്തിനിടയാക്കിയിരിക്കുകയാണ് ഇപ്പോൾ.
ഒക്ടോബറിൽ ലോകകപ്പ് മുന്നിൽ വന്ന് നിൽക്കെ ടീമിൻ്റെ ടോപ് ഓർഡറിൽ സ്ഥിരം പരീക്ഷണങ്ങൾ നടത്തുന്നത് തിരിച്ചടിയാകുമെന്നാണ് വിമർശകർ പറയുന്നത്. ഈ വർഷം ഇന്ത്യ പരീക്ഷിക്കുന്ന ഏഴാമത്തെ ഓപ്പണിങ് സഖ്യമാണ് രോഹിത്-സൂര്യകുമാർ ഓപ്പണിങ് സഖ്യം. രോഹിത്- ഇഷാൻ,രോഹിത്- കെ എൽ രാഹുൽ,രോഹിത്- റിഷഭ് പന്ത്,സഞ്ജു സാംസൺ- ഇഷാൻ കിഷൻ,രോഹിത്- സൂര്യകുമാർ എന്നിങ്ങനെ നീളുന്നു ഇന്ത്യയുടെ ഓപ്പണിങ് പരീക്ഷണ ലിസ്റ്റ്.