England vs West Indies, T20 World Cup 2024: ആതിഥേയര്‍ക്ക് തിരിച്ചടി; സാള്‍ട്ട് വെടിക്കെട്ടില്‍ വിന്‍ഡീസിനു ആദ്യ തോല്‍വി

രേണുക വേണു

വ്യാഴം, 20 ജൂണ്‍ 2024 (09:29 IST)
England Cricket Team
England vs West Indies, T20 World Cup 2024: ട്വന്റി 20 ലോകകപ്പില്‍ ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനു ആദ്യ തോല്‍വി. സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടാണ് വെസ്റ്റ് ഇന്‍ഡീസിനെ തോല്‍പ്പിച്ചത്. ഫിലിപ്പ് സാള്‍ട്ടിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇംഗ്ലണ്ടിനു എട്ട് വിക്കറ്റ് ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 15 ബോളുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 
 
ഓപ്പണര്‍ ഫിലിപ്പ് സാള്‍ട്ട് 47 പന്തില്‍ ഏഴ് ഫോറും അഞ്ച് സിക്‌സും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്നു. നാലാമനായി ക്രീസിലെത്തിയ ജോണി ബെയര്‍‌സ്റ്റോ പുറത്താകാതെ 26 പന്തില്‍ 48 റണ്‍സ് നേടി സാള്‍ട്ടിനു മികച്ച പിന്തുണ നല്‍കി. നായകന്‍ ജോസ് ബട്‌ലര്‍ (22 പന്തില്‍ 25), മൊയീന്‍ അലി (10 പന്തില്‍ 13) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. വിന്‍ഡീസ് താരം റൊമാരിയോ ഷെപ്പേര്‍ഡ് എറിഞ്ഞ 16-ാം ഓവറില്‍ 30 റണ്‍സാണ് സാള്‍ട്ട് അടിച്ചെടുത്തത്. സാള്‍ട്ട് തന്നെയാണ് കളിയിലെ താരം. 
 
വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി ജോണ്‍സണ്‍ ചാള്‍സ് (34 പന്തില്‍ 38), നിക്കോളാസ് പൂറാന്‍ (32 പന്തില്‍ 36), റോവ്മന്‍ പവല്‍ (17 പന്തില്‍ 36), ഷെര്‍ഫാന്‍ റതര്‍ഫോര്‍ഡ് (15 പന്തില്‍ പുറത്താകാതെ 28) എന്നിവരാണ് തിളങ്ങിയത്. 13 പന്തില്‍ 23 റണ്‍സ് നേടിയ ബ്രണ്ടന്‍ കിങ് റിട്ടയേര്‍ഡ് ഹര്‍ട്ടായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍