മഹേന്ദ്രസിങ് ധോണിയെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാക്കാന്‍ ബിസിസിഐ ആലോചിക്കുന്നു. ട്വന്റി 20 ഫോര്‍മാറ്റില്‍ അടിമുടി അഴിച്ചുപണി വേണമെന്നാണ് ബിസിസിഐയുടെ നിലപാട്. ഓസ്‌ട്രേലിയയില്‍ നടന്ന ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനോട് ഇന്ത്യ പത്ത് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് സീനിയര്‍ താരങ്ങളെ ഒഴിവാക്കി ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബിസിസിഐ ആലോചിക്കുന്നത്.
ധോണിയുടെ കീഴില്‍ പുതിയൊരു ട്വന്റി 20 ടീം രൂപീകരിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ട്വന്റി 20 ടീമിന്റെ പരിശീലകനായോ മെന്റര്‍ ആയോ ധോണി ഉണ്ടായിരിക്കും. രാഹുല്‍ ദ്രാവിഡിന് ടി 20 പരിശീലക സ്ഥാനം നഷ്ടമാകും. ഇത്തവണത്തെ ഐപിഎല്‍ കൂടി കഴിഞ്ഞതിനു ശേഷമാകും അടിമുടി മാറ്റങ്ങള്‍ വരുത്തിയ ട്വന്റി 20 ടീമിന് രൂപംനല്‍കുക.
രോഹിത് ശര്‍മ, വിരാട് കോലി, കെ.എല്‍.രാഹുല്‍, രവിചന്ദ്രന്‍ അശ്വിന്‍, ബുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരുടെ ട്വന്റി 20 ഭാവി തുലാസിലാണ്. ഇവര്‍ക്ക് പകരം യുവതാരങ്ങളെ ട്വന്റി 20 ടീമിലെത്തിക്കാനാണ് ബിസിസിഐയുടെ നീക്കം. നായകനായി ഹാര്‍ദിക് പാണ്ഡ്യയെയാണ് പരിഗണിക്കുന്നത്. 2024 ടി 20 ലോകകപ്പിന് വേണ്ടി ഇന്ത്യന്‍ ടീമിനെ സജ്ജമാക്കുകയെന്ന ഉത്തരവാദിത്തമാണ് ധോണിക്കുള്ളത്.