അയര്‍ലന്‍ഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചില്ല. പകരം ദീപക് ഹൂഡയ്ക്കാണ് നറുക്ക് വീണത്. സഞ്ജുവിന് അവസരം കൊടുക്കാത്തതില്‍ ആരാധകര്‍ വലിയ നിരാശയിലായിരുന്നു. എന്നാല്‍ സഞ്ജുവിനെ ഒഴിവാക്കി ദീപക് ഹൂഡയെ പ്ലേയിങ് ഇലവനില്‍ ഇറക്കിയതില്‍ തെറ്റൊന്നും ഇല്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം ആശിഷ് നെഹ്‌റയുടെ അഭിപ്രായം.
' അതൊരു മോശം തീരുമാനമൊന്നും അല്ല. ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് എന്നിവര്‍ക്ക് പകരമാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര സ്‌ക്വാഡില്‍ രാഹുല്‍ ത്രിപതിയും സഞ്ജുവും ഇടംപിടിച്ചത്. ഹൂഡ നേരത്തെ തന്നെ സ്‌ക്വാഡില്‍ ഉണ്ടായിരുന്നു. രഞ്ജി ട്രോഫിയില്‍ രാജസ്ഥാന് വേണ്ടിയും ഐപിഎല്ലില്‍ ലഖ്‌നൗവിന് വേണ്ടിയും വളരെ നല്ല രീതിയില്‍ കളിച്ച താരമാണ് ഹൂഡ. ലഖ്‌നൗവിന് വേണ്ടി ഐപിഎല്ലില്‍ അഞ്ചാമതോ ആറാമതോ ആയാണ് ഹൂഡ തുടങ്ങിയത്. പിന്നീട് മൂന്നാം നമ്പറിലേക്ക് ഉയര്‍ത്തി. അവിടെയും ഹൂഡ മികച്ച പ്രകടനം നടത്തി. അദ്ദേഹത്തിന്റെ ആത്മവിശ്വാസം വളരെ വലുതാണ്. സഞ്ജുവിനേക്കാള്‍ മുന്‍പ് ഹൂഡ പരിഗണിക്കപ്പെട്ടത് വളരെ സന്തോഷമുള്ള കാര്യമാണ്. വളരെ ആത്മാര്‍ത്ഥതയുള്ള താരമാണ് അദ്ദേഹം.' നെഹ്‌റ പറഞ്ഞു.