രഞ്ജി ട്രോഫി; കൃഷ്ണഗിരി സ്റ്റേഡിയം ഇനി കളിയുടെ നിറവിലേക്ക്

ചൊവ്വ, 29 നവം‌ബര്‍ 2016 (10:34 IST)
വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയം വീണ്ടും കളിയുടെ ഫോമിലേക്ക്. മഹാരാഷ്ട്രയും ഒഡിഷയും തമ്മിലുള്ള രഞ്ജി ട്രോഫി ഗ്രൂപ് ബി മത്സരം ചൊവ്വാഴ്ച മുതല്‍ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കും. 21 പോയിന്റ് നേടിയ മഹാരാഷ്ട്ര മൂന്നാം സ്ഥാനത്താണ്. 15 പോയിന്റുള്ള ഒഡീഷ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.
 
മുൻ ഇന്ത്യൻ സീമർ ദേബാശിഷ് മൊഹന്തിയുടെ കീഴിലാണ് ഒഡീഷ ടീം പരിശീലനം നടത്തിയിരിക്കുന്നത്. ഗോവിന്ദ പൊഡാറാണ് ഒഡീഷയുടെ ടീം ക്യാപ്റ്റൻ. മഹാരാഷ്ട്രയുടെ തുറുപ്പ്ചീട്ട് ഇന്ത്യൻ താരം കേദാർ ജാദവ് ആണ്. എന്നാൽ, കഴിഞ്ഞ കളിയിൽ ഉണ്ടായ പരുക്കിനെതുടർന്ന് താരത്തിന് കൃഷ്ണഗിരിയിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. 
 
കേദാർ ജാദവിന്റെ വിടവ് ടീമിന് നിരാശ നൽകുന്നുണ്ടെങ്കിലും ആ കുറവ് നികത്താൻപോന്ന താരങ്ങൾ ടീമിൽ ഉണ്ടെന്നാണ് കോച്ച് ശ്രീകാന്ത് കല്യാണി പറയുന്നത്. സ്വപ്നില്‍ ഗുഗാലെ നയിക്കുന്ന മറാത്താ ടീമില്‍ അങ്കിത് ബാവ്നെ, മുര്‍തസ ട്രങ്ക്വാല, നൗഷാദ് ഷെയ്ക്ക്, വിഷാന്ത് മോറെ, ചിരാഗ് ഖുറാന, ശ്രീകാന്ത് മുണ്ടെ തുടങ്ങിയ താരങ്ങളുണ്ട്.

വെബ്ദുനിയ വായിക്കുക