ലോകകപ്പോ , ഇന്ത്യയ്ക്കോ ? ഇത്തിരി പുളിക്കും...!

വിഷ്‌ണു ലക്ഷ്‌മണ്‍
ചൊവ്വ, 3 ഫെബ്രുവരി 2015 (12:12 IST)
ഇനി 11 ദിവസം. ക്രിക്കറ്റിന്റെ ലോക മാമാങ്കത്തിന് ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി കൊടികയറും. എന്നാല്‍ ക്രിക്കറ്റിന്റെ ലോക കിരീടത്തിനായുള്ള മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ ആരാധകര്‍ പോയിട്ട് ഇന്ത്യന്‍ ടീമുനുപോലും കപ്പടിക്കുമെന്ന പ്രതീക്ഷയേയില്ല.  പോയിട്ട് കളിയില്‍ നാണം കെടാതെ തിരിച്ചുവരാന്‍ ഏതെങ്കിലും വഴി ഉണ്ടെങ്കില്‍ അതുവഴി തിരിച്ചുവരാമായിരുന്നു എന്ന അവസ്ഥയിലാണ് ‘ടീം ഇന്ത്യ‘.  2011ല്‍ വിജയകിരീടം ചൂടി തല ഉയര്‍ത്തി നിന്നിരുന്ന ടീമല്ല ഇപ്പൊള്‍ ഇന്ത്യയ്ക്കുള്ളത്.
 
80 ശതമാനത്തോളം പുതുതലമുറ താരങ്ങള്‍ അണിനിരക്കുന്ന നിസ്സാരരായ വെറുമൊരു സാധാരണ ക്രിക്കറ്റ് ടീം മാത്രം. ലോകക്കപ്പ് മത്സരങ്ങള്‍ നടക്കുന്ന ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും നടന്ന മുന്‍ പരമ്പരകളില്‍ മുഴുവന്‍ തോറ്റു തോപ്പിയിട്ട ടീം അതേ ഭൂഖണ്ടങ്ങളില്‍ നടക്കുന്ന ലോകക്കപ്പില്‍ മെച്ചപെട്ട പ്രകടനം കാഴ്ചവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നത് അതിരുകടന്ന ആത്മവിശ്വാസമായിരിക്കും. കഴിഞ്ഞ ലോകകപ്പില്‍ സ്വന്തം നാട്ടില്‍ കാടിളക്കിയ പുലികള്‍ക്ക് ഇപ്പോള്‍ ഇല്ലാത്തത് ആത്മവിശ്വാസമാണ് എന്നുള്ളത് വിരോധാഭാസം മാത്രം.
 
രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ തുടങ്ങി ഓപ്പണര്‍ മാരാകാ‍ന്‍ നിരവധി ആളുകള്‍ ടീമിലുണ്ട്. എന്നാല്‍ ആരാദ്യം കളിക്കും... ആരാദ്യം കളിക്കും എന്ന് അംഗങ്ങളോട് ചോദിച്ച് നടക്കേണ്ട ഗതികേടിലാണ് ‘മിസ്റ്റര്‍ ക്യാപ്റ്റ‘നായ ധോനിക്കുള്ളത്. അതേപോലെ സ്ഥിരമായ ടീം ഘടനപോലും ഇതുവരെ രൂപപ്പെട്ടിട്ടില്ല എന്നുപറയുമ്പോള്‍ തന്നെ മനസിലാക്കാം അങ്കം തുടങ്ങുന്നതിനു മുമ്പേ തോല്‍‌വി സമ്മതിച്ച ചേകവരെ. 1983ലും 2011ലും ലോകചാംപ്യന്‍മാരാവുമ്പോള്‍ ഇന്ത്യന്‍ കരുത്ത് ഓള്‍ റൌണ്ടര്‍മാരായിരുന്നു. ഇത്തവണ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ ലക്ഷണമൊത്ത ഒരു ഓള്‍ റൌണ്ടറും ടീമിലില്ല. 
 
പേരിനൊരു ഓള്‍‌റൌണ്ടറായി സ്റ്റുവര്‍ട്ട് ബിന്നിയെ ടീമിലെടുത്തിട്ടുണ്ട്. എന്നാല്‍ മത്സര പരിചയമില്ലാത്ത ബിന്നിയുമായി എന്തുകാണിക്കാനാണ് ഇന്ത്യ ലോകക്കപ്പിനിറങ്ങുന്നത് എന്ന് ആരാധകര്‍ക്ക് ഇതുവരെ സംശയം തീര്‍ന്നിട്ടില്ല. മധ്യ നിരയുടെ കാര്യം പറയുകയേ വേണ്ട. ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇംഗണ്ടിനെതിരെ നിര്‍ണായക മല്‍സരത്തില്‍ തകര്‍ന്നു തരിപ്പിണമായവര്‍ തന്നെയാണ് ലോകക്കപ്പിനും ഇറങ്ങാന്‍ പോകുന്നത്. മുന്‍നിര തകര്‍ന്നാലും കോഹ്ലിയും റെയ്നയും ധോണിയും ടീമിനെ കരകയറ്റുമെന്ന് എന്നിട്ടും ഇന്ത്യ അന്ധമായി വിശ്വസിക്കുന്നു.
 
വിദേശ പിച്ചുകളില്‍ താളം കിട്ടാത്ത ശിഖര്‍ ധവാന്‍ ടീമിന് ഭാരമാകുമെന്നറിഞ്ഞിട്ടും ശുഭാപ്തി വിശ്വാസത്തിന്റെ പുറത്ത് ധവാന്‍ ടീമിലെത്തി. ബോളിങ് നിര ഏതൊരു ടീമിന്റെയും കുന്തമുനകള്‍ തന്നെയാണ് ഇന്ത്യയുടെ കാര്യത്തില്‍ അത് മുനയൊടിഞ്ഞ കുന്തമാണെന്നുമാത്രം. കഴിഞ്ഞതവണ സ്ട്രൈക്ക് ബോളറായി മാറിയ പേസര്‍ സഹീര്‍ ഖാന്റെ സ്ഥാനത്ത് ഇത്തവണ ആരുമില്ല. ടീമില്‍ നാലു പേസര്‍മാരും രണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരും ഉണ്ട്. പക്ഷെ ഇവരില്‍ ആരോക്കെ കളിക്കണമെന്ന് ഇതുവരെ തീര്‍ച്ചപ്പെടുത്തിയിട്ടുമില്ല. ഇന്ത്യന്‍ ബോളിങ് എത്രത്തോളം ദുര്‍ബലമാണെന്നതാണ് ഇതു സാക്ഷ്യപ്പെടുത്തുന്നത്. 
 
അതിനിടയില്‍ കൂനിന്മേല്‍ കുരു പോലെ താരങ്ങളുടെ പരിക്കും. രവീന്ദ്ര ജഡേജ പരുക്കില്‍നിന്നു മോചിതനായപ്പോള്‍ രോഹിത് ശര്‍മ പരുക്കിന്റെ പിടിയിലായി. ലോകകപ്പിനു കൊടികയറുന്നതിന്റെ അടുത്ത ദിവസം ഇന്ത്യക്ക് നേരിടേണ്ടി വരിക ബദ്ധവൈരികളായ പാകിസ്ഥാനെയാണ്. അതിന്റെ ഗൌരവം പോലും ഇത്തവണത്തെ ടീം ഇന്ത്യയുടെ കാര്യത്തില്‍ കാണാനേയില്ല. ക്രിക്കറ്റിനെ അന്ധമായി ആരാധിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇക്കാര്യം ഇത്തിരി വൈകാരികമാണെന്ന കാര്യം കൂടി ടീം മാനേജ്മെന്റ് കണക്കിലെടുക്കേണ്ടതായിരുന്നു.  ഏതായാലും ഇത്തവണ മത്സരം കഴിയുമ്പോള്‍ കിരീടവും ചെങ്കോലും അഴിച്ചു വച്ച ഇന്ത്യയെ കാണാതിരിക്കാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.