ബാസ്ബോൾ വിട്ടതോടെ സെഞ്ചുറിയുമായി തിളങ്ങി ജോ റൂട്ട്, ആദ്യ ദിനം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിൽ

അഭിറാം മനോഹർ

വെള്ളി, 23 ഫെബ്രുവരി 2024 (17:12 IST)
Joe root
ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഭേദപ്പെട്ട നിലയില്‍. 112 റണ്‍സില്‍ 5 വിക്കറ്റ് നഷ്ടമായ ഇംഗ്ലണ്ടിനെ ജോ റൂട്ടും വിക്കറ്റ് കീപ്പര്‍ ബാറ്ററായ ബെന്‍ ഫോക്‌സും ചേര്‍ന്നുള്ള ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ് വലിയ വീഴ്ച്ചയില്‍ നിന്നും കരകയറ്റിയത്. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ 302 റണ്‍സിന് 7 വിക്കറ്റെന്ന നിലയിലാണ് ഇംഗ്ലണ്ട്. 31 റണ്‍സുമായി ഒലി റോബിന്‍സണും 106 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍.
 
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ജസ്പ്രീത് ബുമ്രക്ക് പകരം ടീമിലെത്തിയ ആകാശ് സിംഗ് 3 വിക്കറ്റുമായി തിളങ്ങിയതോടെ 112 റണ്‍സിനിടെ ഇംഗ്ലണ്ടിന് 5 വിക്കറ്റുകള്‍ നഷ്ടമായി. വലിയ തകര്‍ച്ചയിലേക്ക് പോകുമായിരുന്ന ഘട്ടത്തില്‍ 113 റണ്‍സ് കൂട്ടുക്കെട്ടുമായി ബെന്‍ ഫോക്‌സും റൂട്ടുമാണ് ഇംഗ്ലണ്ടിനെ കരകയറ്റിയത്. ബെന്‍ ഫോക്‌സ് 47 റണ്‍സ് നേടി പുറത്തായി.
 
ആദ്യ മൂന്ന് ടെസ്റ്റുകളിലും അഗ്രസീവായ സമീപനം പുലര്‍ത്തി പരാജയപ്പെട്ട ജോ റൂട്ട് ഇക്കുറി പ്രതിരോധത്തിലേക്ക് വലിഞ്ഞുകൊണ്ടാണ് കളിച്ചത്. ഇംഗ്ലണ്ട് മുന്നോട്ട് വെയ്ക്കുന്ന ബാസ്‌ബോള്‍ ശൈലിയില്‍ നിന്നും പിന്നോട്ട് പോയതോടെ ഒരു സെഷന്‍ മുഴുവന്‍ വിക്കറ്റ് നഷ്ടമാകാതെ കളിക്കാന്‍ ഇംഗ്ലണ്ടിനായി. 47 റണ്‍സെടുത്ത ബെന്‍ ഫോക്‌സിനെയും തുടര്‍ന്നെത്തിയ ടോം ഹാര്‍ട്‌ലിയെയും മടക്കികൊണ്ട് മുഹമ്മദ് സിറാജ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയെങ്കിലും പിന്നീടെത്തിയ ഒലി റോബിന്‍സണെ കൂട്ടുപിടിച്ച് റൂട്ട് ഇംഗ്ലണ്ട് സ്‌കോര്‍ 300 കടത്തുകയായിരുന്നു. അന്താരാഷ്ട്ര ടെസ്റ്റ് കരിയറില്‍ റൂട്ടിന്റെ 32മത് സെഞ്ചുറിയാണിത്. ഇന്ത്യക്കെതിരെ താരം നേടുന്ന പത്താമത് സെഞ്ചുറിയും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍