Shreyas Iyer: പറ്റിയത് വലിയ തെറ്റ്, ശ്രേയസിന്റെ വാര്‍ഷിക കരാര്‍ പുനസ്ഥാപിക്കാനൊരുങ്ങി ബിസിസിഐ

അഭിറാം മനോഹർ

വെള്ളി, 15 മാര്‍ച്ച് 2024 (17:48 IST)
രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരുമായുള്ള വാര്‍ഷിക കരാര്‍ പുനസ്ഥാപിക്കാന്‍ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ കായിക മാധ്യമമായ റെവ് സ്‌പോര്‍ട്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍സിഎയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടും രഞ്ജി മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നതിനെ തുടര്‍ന്നായിരുന്നു ശ്രേയസിന്റെ കരാര്‍ ബിസിസിഐ റദ്ദാക്കിയത്. എന്നാല്‍ രഞ്ജി ഫൈനല്‍ മത്സരത്തിനിടെ ശ്രേയസിന് പരിക്കേല്‍ക്കുകയും ചെയ്തു.
 
മത്സരത്തിന് താന്‍ ഫിറ്റല്ലെന്ന കാര്യം ശ്രേയസ് അറിയിച്ചിട്ടും എന്‍സിഎ ഫിറ്റ്‌നസ് നല്‍കിയതിനാല്‍ ശ്രേയസ് രഞ്ജി കളിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. താരത്തിന് വീണ്ടും പരിക്കേറ്റതോടെയാണ് ബിസിസിഐ വാര്‍ഷിക കരാര്‍ പുനസ്ഥാപിക്കാനൊരുങ്ങുന്നത്.
 
രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തില്‍ 60 പന്തുകള്‍ നേരിട്ടപ്പോള്‍ തന്നെ ശ്രേയസിന് പുറം വേദന അനുഭവപ്പെട്ടിരുന്നു. ഇതോടെ രഞ്ജിയിലെ അവസാന 2 ദിവസവും ശ്രേയസ് ഗ്രൗണ്ടിലിറങ്ങിയില്ല. ഇതോടെ ശ്രേയസ് പറഞ്ഞത് സത്യമാണെന്നും തന്റെ ജോലിഭാരം ലഘൂകരിക്കാനായാണ് രഞ്ജിയില്‍ നിന്നും വിട്ടുനിന്നതെന്നും തെളിഞ്ഞു. കഴിഞ്ഞ വര്‍ഷം ഗ്രേഡ് ബി കാറ്റഗറിയിലാണ് ശ്രേയസ് ഉണ്ടായിരുന്നത്. പുറം വേദന വലയ്ക്കുന്നുണ്ടെങ്കിലും ശ്രേയസ് ഐപിഎല്‍ കളിക്കാന്‍ ഫിറ്റാണെന്ന കാര്യം ഇതിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അറിയിച്ചു. ശ്രേയസിന് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് നേറത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുറം വേദനയെ തുടര്‍ന്ന് ശ്രേയസിന് കഴിഞ്ഞ ഐപിഎല്‍ സീസണ്‍ പൂര്‍ണ്ണമായും നഷ്ടമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍