ലോകകപ്പ് സ്വപ്‌നങ്ങള്‍ പൊലിയും; ബാറ്റിംഗ് നിര തകര്‍ന്നു, ബംഗ്ലാദേശിന് 147 വിജയലക്ഷ്യം

Webdunia
ബുധന്‍, 23 മാര്‍ച്ച് 2016 (21:17 IST)
ട്വന്റി-20 ലോകകപ്പിലെ നിര്‍ണായകമത്സരത്തില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 147 റണ്‍സ് വിജയലക്ഷ്യം. നിശ്ചിതഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 146 റണ്‍സെടുക്കാനെ ഇന്ത്യക്കായുള്ളൂ. മികച്ച രീതിയില്‍ ബോള്‍ ചെയ്‌ത കടുവകള്‍ ഫീല്‍‌ഡിംഗിലും അതേ മികവ് ആവര്‍ത്തിച്ചതോടെ വമ്പന്‍ സ്‌കോര്‍ എന്ന ഇന്ത്യന്‍ സ്വപ്‌നം പൊലിയുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും മികച്ച സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തണുപ്പന്‍ തുടക്കമാണ് ഇത്തവണയും ലഭിച്ചത്. ഓപ്പണര്‍‌മാരായ രോഹിത് ശര്‍മ്മയും (18) ശിഖര്‍ ധവാനും (23) ഇത്തവണയും പരാജയമായിരുന്നു. പവര്‍പ്ലേ ഓവറുകളില്‍ തട്ടിയും മുട്ടിയും മുന്നേറിയ ഇന്ത്യ മുന്നിലുള്ള സാഹചര്യങ്ങള്‍ക്ക് മുമ്പില്‍ കണ്ണടയ്‌ക്കുകയായിരുന്നു. വമ്പന്‍ ഷോട്ടിന് ശ്രമിച്ച രോഹിത് ശര്‍മ്മ ആറാം ഓവറില്‍ പുറത്തായതിന് പിന്നാലെ ഏഴാം ഓവറില്‍  ധവാനും കൂടാരത്തില്‍ മടങ്ങിയെത്തുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുച്ചേര്‍ന്ന കോഹ്‌ലിയും റെയ്‌നയും സ്‌കോര്‍ മൂന്നോട്ടു നയിക്കുകയായിരുന്നു. പത്ത് ഓവറില്‍ 58 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

പതിനൊന്നാം ഓവറില്‍ റെയ്‌ന രണ്ട് സിക്‍സുകള്‍ നേടിയതാണ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള നിമിഷമായി ലഭിച്ചത്. തുടര്‍ന്നുള്ള ഓവറുകളില്‍ മൂന്ന്, അഞ്ച് എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ബംഗ്ലാദേശ് മികച്ച ഫീല്‍‌ഡിംഗ് പുറത്തെടുത്തതോടെ ഇന്ത്യന്‍ സ്‌കോര്‍ ഇഴഞ്ഞു. പതിനാലാം ഓവറില്‍ ഇന്ത്യന്‍ പ്രതീക്ഷകളുടെ ഭാരം പേറുന്ന വിരാട് കോഹ്‌ലി (24) ബൌള്‍ഡാകുകയായിരുന്നു. റെയ്‌നയും കോഹ്‌ലിയും ചേര്‍ന്ന് 50 റണ്‍സിന്റെ നിര്‍ണായകമായ കൂട്ടുക്കെട്ടാണ് ഉണ്ടാക്കിയത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാന്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് പതിവ് പോലെ ഇന്ത്യന്‍ താരങ്ങള്‍ ഡ്രസിംഗ് റൂമിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്നു. റെയ്‌ന (30), ഹാര്‍ദിക് പാണ്ഡ്യ (15), യുവരാജ് സിംഗ് (3), ജഡേജ (12) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ മുന്‍‌നിരയുടെ റണ്‍സ് സമ്പാദ്യം.

അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാമെന്ന മഹേന്ദ്ര സിംഗ് ധോണിയുടെ (13*‌) സ്വപ്‌നം ബംഗ്ലാ ബോളര്‍മാരുടെ മുന്നില്‍ തകരുകയായിരുന്നു. കുത്തി തിരിയുന്ന പിച്ചില്‍ നിന്ന് ആനുകൂല്യമൊന്നും ലഭിക്കാതെ വന്നതോടെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ നായകന് കാര്യമായി ഒന്നും ചെയ്യാനായില്ല. അശ്വന്‍ (5*) റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് ഇന്ന് മികച്ച റണ്‍ റേറ്റിലുള്ള വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിതമായി തോറ്റതാണ് ഇന്ത്യക്ക് വിനയായത്. ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് മഹേന്ദ്ര സിംഗ് ധോണിയും സംഘവും.