ബുമ്ര ഓസീസിനെ എറിഞ്ഞിട്ടു, കമ്മിന്‍സ് ഇന്ത്യയെ തകര്‍ക്കുന്നു; മൂന്നാം ടെസ്‌റ്റില്‍ ട്വിസ്‌റ്റോട്... ട്വിസ്‌റ്റ്

Webdunia
വെള്ളി, 28 ഡിസം‌ബര്‍ 2018 (13:17 IST)
ബോക്‍സിംഗ് ഡേ ടെസ്‌റ്റിലെ ഒന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 151 റൺസിന് മടക്കി കൂട്ടിയ ഇന്ത്യയും അതേ മാതൃകയില്‍ തകരുന്നു. 292 റൺസിന്റെ ലീഡുമാ‍യി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ഇന്ത്യയുടെ 5 വിക്കറ്റുകൾ 44 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നഷ്ടമായി.

മൂന്നാം ദിനം കളി നിർത്തുമ്പോൾ അഞ്ചിന് 53 എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർ മായങ്ക് അഗർവാള്‍ (78 പന്തിൽ 28), ഋഷഭ് പന്ത് (12 പന്തിൽ 6) എന്നിവരാണു ക്രീസിൽ. 346 റണ്‍സിന്റെ ലീഡാണ് ഇന്ത്യക്കുള്ളത്.

ഹനുമ വിഹാരി (13), ചേതേശ്വര്‍ പൂജാര (പൂജ്യം), വിരാട് ‍കോഹ്‍ലി (പൂജ്യം), അജിൻക്യ രഹാനെ (ഒന്ന്), രോഹിത് ശർമ (5) എന്നിവരാണു പുറത്തായത്. പാറ്റ് കമ്മിൻസ് നാലു വിക്കറ്റുകള്‍‌ വീഴ്ത്തിയപ്പോള്‍ ജോഷ് ഹെയ്‌സൽവുഡാണ് രോഹിത് ശർമയെ പുറത്താക്കിയത്.

ജസ്പ്രീത് ബുമ്രയുടെ ആറ് വിക്കറ്റ് പ്രകടനത്തിലാണ് മൂന്നാം ദിനം ഓസീസ് ഇന്നിംഗ്‌സ് ഇന്ത്യ അനായാസം അവസാനിപ്പിച്ചത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഇഷാന്ത് ശർമയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി.

സ്‌കോര്‍ 24ല്‍ എത്തിനില്‍ക്കെ ഫിഞ്ചിനെയാ‍ണ് ഓസീസിന് ആദ്യം നഷ്‌ടമായത്. ഇഷാന്തിനെ ലെഗ് സൈഡില്‍ ഫ്‌ളിക്ക് ചെയ്യാനുള്ള ശ്രമം ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ മായങ്ക് അഗര്‍വാളിന്റെ കൈകളിലെത്തിച്ചു. 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഹാരിസും മടങ്ങി. ബുമ്രയെ ഹുക്ക് ചെയ്ത ഹാരിസ് ബൗണ്ടറി ലൈനില്‍ ഇഷാന്തിന് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നാലെ ഖവാജ ജഡേജയ്ക്ക് വിക്കറ്റ് നല്‍കി. ബുംറയുടെ ഒരു സ്ലോവറില്‍ മാര്‍ഷ് വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ബുമ്രയുടെ അതിമനോഹരമായ പന്തില്‍ കുറ്റി തെറിച്ചായിരുന്നു ഹെഡിന്റെ മടക്കം.

പിന്നാലെ ഓസീസ് വേഗം അവസാനിക്കുകയായിരുന്നു. മിച്ചൽ മാർഷ് (ഒൻപത്), പാറ്റ് കമ്മിൻസ് (17), ടിം പെയ്ൻ (85 പന്തിൽ 22), നാഥൻ‌ ലിയോൺ (പൂജ്യം), ജോഷ് ഹെയ്സൽവുഡ് (പൂജ്യം) എന്നിങ്ങനെയാണു പുറത്തായ ഓസീസ് താരങ്ങളുടെ സ്കോറുകൾ. 7 റൺസുമായി മിച്ചൽ സ്റ്റാർക് പുറത്താകാതെ നിന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article