ചരിത്രനേട്ടത്തിൽ നഥാൻ ലിയോൺ, ഇംഗ്ലണ്ടിനെതിരെ ഓസീസിന് 9 വിക്കറ്റ് വിജയം

Webdunia
ശനി, 11 ഡിസം‌ബര്‍ 2021 (09:49 IST)
ഗാബയിൽ തങ്ങളുടെ ആധിപത്യം ഊട്ടി‌യുറപ്പിച്ച് ഓസ്‌ട്രേലിയ. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ 9 വിക്കറ്റിനാണ് ഓസീസ് കരുത്തരായ ഇംഗ്ലണ്ട് നിരയെ പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ നാലു വിക്കറ്റ് വീഴ്ത്തിയതോടെ ഓസീസ് സ്പിന്നർ നഥാന്‍ ലിയോണ്‍ ടെസ്റ്റില്‍ ഓസീസിനായി 400 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറെന്ന നേട്ടം സ്വന്തമാക്കി.
 
രണ്ടാം ഇന്നിങ്‌സിൽ 20 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാ‌ക്കുക‌യായിരുന്നു. മൂന്നാം ദിനം 220ന് രണ്ട് എന്ന നിലയിൽ അവസാനിപ്പിച്ച ഇംഗ്ലണ്ടിന് പക്ഷേ നാലാം ദിനത്തിൽ തുടരെ വിക്കറ്റുകൾ നഷ്ടമാവുകയായിരുന്നു. 8 വിക്കറ്റ് നഷ്ടപ്പെടുത്തി 77 റൺസ് മാത്രമാണ് ഇംഗ്ലീഷ് നിരയ്ക്ക് നേടാനായത്.മൂന്നാം ദിനം ഓസീസ് ബൗളിങ് ആക്രമണത്തെ പ്രതിരോധിച്ച ഡേവിഡ് മലാന്‍ - ക്യാപ്റ്റന്‍ ജോ റൂട്ട് കൂട്ടുകെട്ട് പൊളിച്ച് നഥാന്‍ ലിയോണാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
 
ബെന്‍ സ്റ്റോക്ക്‌സ് (14), ഒലി പോപ്പ് (4), ജോസ് ബട്ട്‌ലര്‍ (23), ക്രിസ് വോക്‌സ് (16) എന്നിവരെല്ലാം തന്നെ കാര്യമായ ചെറുത്തുനിൽപ്പില്ലാതെ മടങ്ങിയപ്പോൾ ചടങ്ങ് പൂർത്തിയാക്കുക എന്നത് മാത്രമാണ് ഓസീസ് ബാറ്റിങ് നിരയ്ക്ക് ചെയ്യാനുണ്ടായിരുന്നത്. ഒന്നാം ഇന്നിങ്‌സില്‍ വെറും 147 റണ്‍സിന് പുറത്തായ ഇംഗ്ലണ്ടിനെതിരേ ഓസീസ് 425 റണ്‍സെടുത്ത് 278 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article