ചരിത്രത്തിലേക്ക് ഒരു ടോസ്; പിങ്ക് പന്തിലെ പകൽ- രാത്രി ടെസ്റ്റിന് ഇന്ന് തുടക്കം
വെള്ളി, 27 നവംബര്‍ 2015 (09:29 IST)
ടെസ്റ്റ് ക്രിക്കറ്റിന്റെ 138 കൊല്ലത്തെ ചരിത്രത്തിൽ ആദ്യമായി പകൽ-രാത്രി മത്സരമെന്ന വിപ്ളവത്തിന് ഇന്ന് അഡ്ലെയ്ഡിൽ തുടക്കമാകും. ഓസ്ട്രേലിയ- ന്യൂസിലന്‍ഡ് മൂന്നാം ടെസ്‌റ്റ് ക്രിക്കറ്റ് ടെസ്‌റ്റിന് ഇന്ന് ടോസ് വീഴുബോള്‍ ക്രിക്കറ്റിന് ഇത് പുതിയൊരു അനുഭവമായിരിക്കും. അതിനൊപ്പം തന്നെ പിങ്ക് പന്ത് ഉപയോഗിക്കുന്നു എന്നതും ചരിത്രത്തില്‍ ഇടം പിടിക്കും.
രാത്രി ടെസ്റ്റ് കാണാന്‍ ആരാധകരും ആകാംക്ഷയിലാണ്. അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തിന്റെ ആദ്യ രണ്ടു ദിവസത്തെ ടിക്കറ്റുകളെല്ലാം വിറ്റഴിഞ്ഞിട്ടുണ്ട്.
പ്രമുഖ പന്ത് നിർമ്മാതാക്കളായ കുക്കാബുറയാണ് പ്രത്യേകതരം പിങ്ക് പന്തുകൾ നിർമ്മിക്കുന്നത്. ടെസ്റ്റിലെ പുതിയ പരിഷ്കാരത്തെ മുൻകാല താരങ്ങളും ആരാധകരും ഒരേസമയം പ്രതീക്ഷയോടെയും ആശങ്കയോടെയുമാണ് കാണുന്നത്. ടെസ്റ്റുകൾ ഏകദിനങ്ങൾ പോലെ കാണികളെ ആകർഷിക്കുന്ന ഒരുകാലത്തേക്ക് കൈപിടിച്ചുനടത്താൻ ഡേ ആൻഡ് നൈറ്റ് മത്സരങ്ങൾ തുണയ്ക്കുമെന്ന് ഒരുകൂട്ടം പ്രമുഖർ വിശ്വസിക്കുന്നു.
ഓസ്ട്രേലിയ പരമ്പരയില്‍ 1-0ത്തിനു മുന്നിലാണ്. അതേസമയം ഡേനൈറ്റ് ടെസ്റിനെതിരേ വിമര്‍ശകരും ശക്തമായി രംഗത്തുണ്ട്. ക്രിക്കറ്റിന്റെ സ്വഭാവിക ഭംഗി നശിപ്പിക്കാന്‍ മാത്രമേ ഇത്തരം പരീക്ഷണത്തിലൂടെ സാധിക്കുകയുള്ളുവെന്നാണ് പ്രധാന വിമര്‍ശനം. എന്നാല്‍ ടെസ്റിനു ആരാധകര്‍ കുറയുന്ന സാഹചര്യത്തില്‍ ഇത്തരമൊരു ആശയം മികച്ചതാണെന്നാണ് പലരുടെയും അഭിപ്രായം.