328 പന്തിൽ 14 ബൗണ്ടറിയും നാലു സിക്സുമുൾപ്പെടെയാണ് രഹാനെ 161 റൺസെടുത്തത്. 29-ാം ടെസ്റ്റ് കളിക്കുന്ന രഹാനെയുടെ എട്ടാം സെഞ്ചുറിയാണിത്. 347 പന്തുകൾ നേരിട്ട കോഹ്‍ലി, 18 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് ഇരട്ടസെഞ്ചുറിയിലേക്കെത്തിയത്. ന്യൂസീലൻഡിനെതിരെ ക്യാപ്റ്റനെന്ന നിലയിൽ ഇരട്ടസെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് കോഹ്‍ലി.
മൂന്നിന് 267 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി കോഹ്‍ലി-രഹാനെ സഖ്യം അനായാസം റൺസ് വാരിക്കൂട്ടി. ടോസ് നേടിയ ഇന്ത്യൻ നായകൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ഏറെക്കാലത്തിനുശേഷം ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ ഗൗതം ഗംഭീറിന് പക്ഷേ അവസരം മുതലാക്കാനായില്ല. 53 പന്തിൽ 29 റൺസെടുത്ത് നിൽക്കെ ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഗംഭീർ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി.