ടീമില്‍ തമ്മിലടി; ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തേക്ക് ?
വ്യാഴം, 26 ഫെബ്രുവരി 2015 (15:29 IST)
2015 ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്റെ നിലനില്‍പ്പ് പരുങ്ങലില്‍. ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാകിസ്ഥാന്‍, വെസ്‌റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ, അയര്‍ലന്‍ഡ്, യുഎഇ എന്നീ ടീമുകള്‍ അണിനിരക്കുന്ന പൂള്‍ ബിയില്‍ അവസാന സ്ഥാനക്കാരാണ് പാകിസ്ഥാന്‍. അയര്‍ലന്‍ഡിന്റെ തകര്‍പ്പന്‍ മുന്നേറ്റമാണ് പാകിസ്ഥാന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയത്.
നിലവില്‍ ക്വാര്‍ട്ടറിലെത്താന്‍ സാധ്യത കൂടുതലുള്ള ടീമുകളാണ് ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്. അതിനാല്‍ നാലാം സ്ഥാനത്തിനായ് കടുത്ത മത്സരം നടക്കുമെന്നാണ് നിലവിലെ അവസ്ഥയില്‍ പ്രതീക്ഷിക്കുന്നത്. അയര്‍ലന്‍ഡ് ഒരു കളി കൂടി ജയിച്ചാല്‍ പാകിസ്ഥാന്റെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് തിരിച്ചടിയാകും.
ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ ടീമുകളോടാണ് അയര്‍ലന്‍ഡിന് ഇനി മത്സരമുള്ളത്. ഇതില്‍ സിംബാബ്‌വെയോട് ജയിക്കുമെന്ന ഉറപ്പിലാണ് അയര്‍ലന്‍ഡ്. എന്നാല്‍ പാകിസ്ഥാന്റെ എതിരാളികള്‍ സിംബാബ്‌വെ, യുഎഇ, ദക്ഷിണാഫ്രിക്ക, അയര്‍ലന്‍ഡ് എന്നീ ടീമുകളുമാണ്. 2007ലെ ലോകകപ്പില്‍ പാകിസ്ഥാനെ അട്ടിമറിച്ച ചരിത്രമുള്ള അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുക എന്നത് പാകിസ്ഥാന് ശ്രമകരമാകും.
ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെയാണ് പാകിസ്ഥാന്‍ ടിമില്‍ തമ്മിലടിയും പ്രശ്‌നങ്ങളും നടക്കുന്നത്. ഇന്ത്യയോട് തോറ്റതിന് പിന്നാലെ പരിശീലകന് നേരെ തട്ടിക്കയറിയ പാക് താരങ്ങള്‍ തമ്മില്‍ നിരന്തരം വഴക്കും തുടരുകയാണ്. നായകന്‍ മിസ്‌ബാ ഉള്‍ ഖക്കിനെതിരെയും മുതിര്‍ന്ന താരം യൂനുസ് ഖാനെതിരെയും കടുത്ത പ്രതിഷേധങ്ങളാണ് അലയടിക്കുന്നത്. കൂടാതെ ടീം സെലക്‍ഷന്‍ അംഗമായ മോയിന്‍ഖാന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചതും വിവാദമായിരിക്കുകയാണ്.