‘ഒത്തുകളി വിവാദം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വിശ്വാസ്യതയെ ബാധിച്ചില്ല‘ :ധോണി
വ്യാഴം, 30 മെയ് 2013 (20:28 IST)
PRO
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വിശ്വാസ്യത തകര്‍ക്കാന്‍ വാതുവെയ്പ്പ് വിവാദത്തിന് കഴിഞ്ഞിട്ടില്ലെന്ന് ധോണി. ചില ആളുകള്‍ മറ്റുള്ളവരേക്കാള്‍ മാനസികമായി ദുര്‍ബലരായിരിക്കാമെന്നും എല്ലാവരെയും ഒരേ അളവുകോലിനാല്‍ അളക്കരുതെന്നും ചാമ്പ്യന്‍സ്ട്രോഫിയുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ ടീം ഇന്ത്യ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി പറഞ്ഞു.
വാതുവെയ്പ്പുമായ ബന്ധപ്പെട്ട ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറിയ ധോണി തന്റെ മറുപടികള്‍ പറയേണ്ട സമയത്ത് പറയുമെന്നും ധോണി പറഞ്ഞു. ഐ പി എല്‍ വിവാദവുമായി ബന്ധപ്പെട്ട് തന്നോട് ഒന്നും ചോദിക്കേണ്ടതില്ലെന്നും അതു സംബന്ധമായി ഒന്നും പറയില്ലെന്നും വ്യക്തമാക്കിയാണ് ധോണി പത്രസമ്മേളനം തുടങ്ങിയത്.
താന്‍ ഇവിടെ വന്നത് ചാമ്പ്യന്‍സ് ട്രോഫി മത്സരത്തിനായാണെന്നും ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മറ്റെല്ലാ വിഷയങ്ങളില്‍ നിന്നും ഇപ്പോള്‍ വിട്ടുനില്‍ക്കേണ്ടത് ആവശ്യമാണെന്നും ധോണി പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനം മോശമായാല്‍ അതിന് ഐ പി എലിനെ പഴി ചാരരുതെന്നും ധോണി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചപ്പോഴാണ് വിവാദങ്ങള്‍ ടീമിനെ ബാധിച്ചിട്ടില്ലെന്ന് ധോണി പറഞ്ഞത്.