ക്രിക്കറ്റിന്‍റെ മെക്കയായ ലോര്‍ഡ്സില്‍ ടെസ്റ്റ് ക്രിക്കറ്റ് 2000 തികച്ചു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന മത്സരത്തിന്‍റെ ആദ്യ ദിനം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ടോസ് നേടി ബൌളിംഗ് തെരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് ഇന്ത്യയുടെ കുന്തമുനയായ സഹീര്‍ ഖാന്‍ പന്തെറിഞ്ഞത്.
രണ്ടു വിക്കറ്റാണ് സഹീര്‍ ഖാന്‍ ആദ്യദിനം വീഴ്ത്തിയിരിക്കുന്നത്. ഇംഗ്ലീഷ് ഓപ്പണര്‍മാരായ ആന്‍ഡ്രു സ്ട്രോസും അലസ്റ്റെയര്‍ കുക്കുമാന് സഹീറിന് മുന്നില്‍ ബാറ്റ് താഴ്ത്തിയത്.
സച്ചിന് ടെണ്ടുല്‍ക്കറാണ് ഈ ടെസ്റ്റിന്‍റെ ആകര്‍ഷണ കേന്ദ്രം. ലോര്‍ഡ്സില്‍ ക്രിക്കറ്റ് ദൈവം തന്‍റെ നൂറാം സെഞ്ച്വറി തികയ്ക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സെഞ്ച്വറികളില്‍ സെഞ്ച്വറി തികയ്ക്കുന്ന കാഴ്ചയ്ക്ക് ലോര്‍ഡ്സ് സാക്ഷിയായാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അതൊരു അപൂര്‍വ നേട്ടമാകും.
എന്നാല്‍ ഇപ്പോള്‍ സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ച് ടെന്‍ഷന്‍ കൂട്ടാന്‍ സച്ചിന്‍ തയ്യാറല്ല. ഇപ്പോള്‍ തന്‍റെ ആലോചനകളില്‍ പോലും നൂറാം സെഞ്ച്വറിയില്ലെന്ന് സച്ചിന്‍ പറയുന്നു. നന്നായി കളിക്കുക മാത്രമാണ് ലക്‍ഷ്യം. എങ്കിലും ഇന്ത്യ ആഗ്രഹിക്കുന്നു, സച്ചിന്‍റെ ആ വിസ്മയനേട്ടം ലോര്‍ഡ്സിലായിരുന്നെങ്കില്‍...
അങ്ങനെ ഒരാഗ്രഹത്തിന് കാരണവുമുണ്ട്. ലോര്‍ഡ്സില്‍ സച്ചിന് ഇതുവരെ വേണ്ടത്ര തിളങ്ങാനായിട്ടില്ല. ഏഴ് ടെസ്റ്റ് ഇന്നിങ്‌സുകളാണ് സച്ചിന്‍ ലോര്‍ഡ്സില്‍ കളിച്ചിട്ടുള്ളത്. ഒരു കളിയിലും അര്‍ദ്ധസെഞ്ച്വറി പോലും തികയ്ക്കാന്‍ സച്ചിന് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തന്‍റെ നൂറാം സെഞ്ച്വറി സച്ചിന് ലോര്‍ഡ്സിലെ പിച്ചില്‍ നേടാനായാല്‍ അത് കൂടുതല്‍ സന്തോഷകരമായ സംഭവമായിരിക്കും.