മോഡിക്കെതിരെയുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാകും!

വ്യാഴം, 25 ഏപ്രില്‍ 2013 (17:17 IST)
PRO
ഐപിഎല്‍ കമ്മിഷണറായിരുന്ന ലളിത് മോഡിക്കെതിരേ ബിസിസിഐ നിയോഗിച്ച അച്ചടക്ക സമിതി നടത്തുന്ന അന്വേഷണം ഈ മാസം പൂര്‍ത്തിയാകുമെന്നു റിപ്പോര്‍ട്ടുകള്‍. മോഡി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണമാണ് സമിതി അന്വേഷിക്കുന്നത്.

മൂന്നംഗ സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്നിരുന്നു. മോഡിയുടെ അഭിഭാഷകരുടെയും ബിസിസിഐ അഭിഭാഷകരുടെയും വാദങ്ങള്‍ കേട്ടു. ഈ മാസം 29നു നടക്കുന്ന അവസാന വിചാരണയോടെ അന്വേഷണം പൂര്‍ത്തിയാകുമെന്നാണു കരുതുന്നത്. അരുണ്‍ ജയ്റ്റ്ലി, ജ്യോതിരാദിത്യ സിന്ധ്യ, ചിരായു അമിന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍.

മോഡിയുടെ അഭിഭാഷകര്‍ സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യുന്നതിനും തെളിവുകള്‍ ഹാജരാക്കുന്നതിനും കൂടുതല്‍ സമയം തേടിയിട്ടുണ്ട്. അവര്‍ ചോദിക്കുന്നു. കാരണംകാണിക്കല്‍ നോട്ടീസിനു മോഡി നല്‍കിയ മറുപടി സമിതി തള്ളിയതിനെയും അഭിഭാഷകര്‍ ചോദ്യം ചെയ്യുന്നു. ഏപ്രില്‍ 20നു മുന്‍പ് മറുപടി നല്‍കാനായിരുന്നു നിര്‍ദേശം. നല്‍കിയത് 21നും.

ഐപിഎല്‍ ഫ്രാഞ്ചൈസികളില്‍ ബിനാമി ഓഹരികളുണ്ടെന്നത് അടക്കം പതിനഞ്ചോളം ആരോപണങ്ങളാണ് മോഡി നേരിടുന്നത്. ലണ്ടനിലാണ് മോഡി ഇപ്പോള്‍ കഴിയുന്നത്.

വെബ്ദുനിയ വായിക്കുക