ധോനിക്ക് പ്രശംസയുമായി വെങ്ങ്‌സാര്‍ക്കര്‍

ശ്രീലങ്കയുടെ ദുരൂഹ ബൌളര്‍ അജന്താ മെന്‍ഡിസിനെ തുടര്‍ച്ചയായ രണ്ട് ഇന്നിങ്ങ്‌സുകളില്‍ കടന്നാക്രമിച്ച് കീഴടക്കിയ ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിങ്ങ് ധോനിക്ക് സെലക്ഷന്‍ സമിതി അധ്യക്ഷന്‍ ദിലീപ് വെങ്ങ്‌സാര്‍ക്കറിന്‍റെ പ്രശംസ. ഇന്ത്യന്‍ ടീമിനെ നന്നായി നയിച്ചതിനോടൊപ്പം ലോകോത്തര സ്പിന്നര്‍മാരെ എങ്ങനെ നേരിടണമെന്നും ധോനി കാണിച്ച് തന്നുവെന്ന് വെങ്ങ്‌സാര്‍ക്കര്‍ പറഞ്ഞതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.

ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ട് നില്‍കാനുള്ള ധോനിയുടെ തീരുമാനം ഗുണം ചെയ്തുവെന്നാണ് വെങ്ങ്‌സാര്‍ക്കറിന്‍റെ അഭിപ്രായം. ധോനിക്ക് വ്യക്തമായ ആശയങ്ങളാണുള്ളതെന്നും ടീമിനെ അദ്ദേഹം ഉജ്ജ്വലമായി നയിച്ചുവെന്നും വെങ്ങ്‌സാര്‍ക്കര്‍ പറഞ്ഞു.

അതേ സമയം നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങ് ഉദ്ദേശിച്ച നിലയിലേക്ക് ഉയര്‍ന്നില്ലെന്നും മുഖ്യ സെലക്ടര്‍ക്ക് അഭിപ്രായമുണ്ട്. ടീം മുപ്പതോളം റണ്‍സ് കൂടുതലായി നേടുമെന്നാണ് താന്‍ പ്രതീക്ഷിച്ചതെന്നും മികച്ച ഫോമിലുള്ള സുരേഷ് റെയ്ന പുറത്തായ രീതിയില്‍ താന്‍ അസന്തുഷ്ടനാണെന്നും വെങ്ങ്‌സാര്‍ക്കര്‍ പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിജയങ്ങളിലൊന്നാണ് ഐഡിയ കപ്പിലെ വിജയമെന്നും വെങ്ങ്‌സാര്‍ക്കര്‍ വിലയിരുത്തി. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ശേഷം നടത്തിയ തിരിച്ചു വരവ് ഉജ്ജ്വലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക