കെനിയന്‍ താരം ടിക്കോളോ വിരമിച്ചു

Webdunia
തിങ്കള്‍, 21 മാര്‍ച്ച് 2011 (10:52 IST)
കെനിയന്‍ ക്രിക്കറ്റിന്റെ ഇതിഹാസതാരം സ്റ്റീവ് ടിക്കോളോ രാജ്യാന്തരക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡനില്‍ സിംബാബ്‌വെയോട് നടന്ന ലോകകകപ്പ് ക്രിക്കറ്റ് മത്സരത്തിന് ശേഷമാണ് ടിക്കോള വിരമിച്ചത്.

ജിമ്മി കമാന്‍ഡെയ്ക്ക് പകരം ടീമിന്റെ ക്യാപ്റ്റനെന്ന നിലയ്ക്കാണ് നാല്‍പ്പതുകാരനായ സ്റ്റീവ് ടിക്കോളോ അവസാനമത്സരം കളിച്ചത്. ടിക്കോളോയ്ക്ക് വെറും പത്തുറണ്‍സ് മാത്രമേ ഈ മത്സരത്തില്‍ നേടാനായുള്ളൂ.

ഈ ലോകകപ്പില്‍ അഞ്ചുകളികളില്‍ 44 റണ്‍സുമാത്രമാണ് ടിക്കോളയ്ക്ക് നേടാനായത്. 1996 ലോകകപ്പ് മുതല്‍ കെനിയന്‍നിരയിലുള്ള സ്റ്റീവ് ടിക്കോളോ 28 മത്സരങ്ങളില്‍നിന്ന് 768 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. എട്ട് അര്‍ധസെഞ്ച്വറികളും ടിക്കോളോ നേടിയിട്ടുണ്ട്. 133 ഏകദിനമത്സരങ്ങളില്‍നിന്നായി 3411 റണ്‍സ് നേടി. മൂന്നു സെഞ്ച്വറികളും 25 അര്‍ധസെഞ്ച്വറികളും സ്വന്തമാക്കിയ ടിക്കോളോ 94 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഈ ലോകകപ്പില്‍ കെനിയക്ക് ഒരു വിജയം പോലും നേടാനായില്ല. അവസാനമത്സരത്തില്‍ സിംബാബ്‌വെയോട് 161 നാണ് കെനിയ പരാജയപ്പെട്ടത്. സിംബാബ്‌വെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 308 എന്ന വിജയലക്‍ഷ്യം പിന്തുടര്‍ന്ന കെനിയ 36 ഓവറില്‍ 147 റണ്‍സിന് പുറത്തായി.