ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഏഴാം എഡിഷന് ഈ മാസം തുടക്കം. 16ന് ദുബായിലാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് ആയതിനാല്‍ മത്സരങ്ങളുടെ ആദ്യഘട്ടം യുഎഇയിലാണ് നടക്കുന്നത്.
ദുബായ്, ഷാര്‍ജ, അബുദാബി എന്നീ നഗരങ്ങളിലായാണ് ആദ്യഘട്ട മത്സരങ്ങള്‍. ഇരുപത് മത്സരങ്ങളാണ് ഇവിടെ നടക്കുന്നത്. മെയ് രണ്ടു മുതല്‍ മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കും. 60 മത്സരങ്ങളാണ് നടക്കുന്നത്. എട്ട് ടീമുകള്‍ ഐപിഎല്ലില്‍ കളിക്കും. വാംഖഡെ സ്റ്റേഡിയത്തില്‍ ജൂണ്‍ ഒന്നിനാണ് ഫൈനല്‍.
എല്ലാ ടീമുകളും പരസ്പരം രണ്ടുതവണ കളിക്കും. കൂടുതല്‍ പോയന്റുനേടുന്ന നാല് ടീമുകള്‍ എലിമിനേഷന്‍ കം ക്വാളിഫിക്കേഷന്‍ റൗണ്ടിലേക്ക് എത്തും. ആദ്യം ഒന്നാം സ്ഥാനക്കാരായ ടീമും രണ്ടാം സ്ഥാനത്തുള്ള ടീമും തമ്മില്‍ ഈ റൗണ്ടില്‍ കളിക്കും. ഇതില്‍ ജയിക്കുന്ന ടീം ആണ് ഫൈനലിലേക്ക് ബര്‍ത്ത് നേടുന്നത്. തോല്‍ക്കുന്ന ടീം മൂന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മില്‍ നടക്കുന്ന മത്സരത്തിലെ വിജയികളെ നേരിടും. ഈ മത്സരത്തില്‍ വിജയികളാവുന്ന ടീം ഫൈനല്‍ ഉറപ്പിക്കും.