ഇംഗ്ലീഷ് പെരുമയ്ക്ക് മുന്നില്‍ ലങ്ക വീണു

ശനി, 26 സെപ്‌റ്റംബര്‍ 2009 (11:13 IST)
മിനി ലോകകപ്പിലെ ഏറ്റവും മികച്ച ടീമെന്ന തോന്നലുളവാക്കിയ ആദ്യ മത്സരത്തിന് ശേഷം ലങ്കന്‍ പട ഇംഗ്ലണ്ടിന് മുന്നില്‍ തകര്‍ന്നു. ഇംഗ്ലീഷ് ബൌളര്‍മാരുടെ പേസ് ആക്രമണത്തിന് മുന്നില്‍ ശിരസ് നമിച്ച ശ്രീലങ്ക പിന്നീട് അവരുടെ ബാറ്റിംഗ് പ്രകടനത്തിനു മുന്നില്‍ തോല്‍‌വി സമ്മതിച്ചു. ഐസിസി ചാംപ്യന്‍സ്‌ ട്രോഫി ബി ഗ്രൂപ്പ്‌ മത്സരത്തില്‍ ആറ്‌ വിക്കറ്റിനാണ് ഇംഗ്ലണ്ട്‌ ലങ്കയെ പരാജയപ്പെടുത്തിയത്.

സ്കോര്‍: ശ്രീലങ്ക - 212, ഇംഗ്ലണ്ട് - 213/4. കോളിംഗ്‌വുഡാണ്‌ മാന്‍ ഓഫ്‌ ദ്‌ മാച്ച്‌.

ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ചതിന്‍റെ ആത്മവിശ്വാസവുമായി ബാറ്റേന്തി കളത്തിലിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതലേ പിഴച്ചു. ഏറ്റവും അപകടകാരിയായ സനത് ജയസൂര്യ ആദ്യ ഓവറില്‍ തന്നെ വീണു. ഒണിയന്‍സിന്‍റെ പന്തില്‍ പിഴവുപറ്റിയ ജയസൂര്യയെ കീപ്പര്‍ കൈയ്യിലൊതുക്കി. അടുത്ത ഓവറില്‍ തന്നെ ദില്‍‌ഷനും മടങ്ങി. വിക്കറ്റ് ആന്‍ഡേഴ്സന്.

ആന്‍ഡേഴ്സണ്‍ കൊടുങ്കാറ്റ് പിന്നെയും വീശി. അടുത്തടുത്ത പന്തുകളില്‍ ജയവര്‍ധനയും സംഗക്കാരയും മടങ്ങി. നാലു വിക്കറ്റ് നഷ്ടത്തില്‍ വെറും 17 റണ്‍സായിരുന്നു ശ്രീലങ്കയുടെ അപ്പോഴത്തെ നില. കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷപെടുത്തിയത് സമരവീരയും കണ്ടംബിയും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. എന്നാല്‍ 30 റണ്‍സെടുത്ത് സമരവീരയും ഇംഗ്ലണ്ട് ബൌളിംഗിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ സ്കോര്‍ 80 കടന്നതേ ഉണ്ടായിരുന്നുള്ളൂ.

തുടര്‍ന്ന് കണ്ടംബിയും മാത്യൂസും ചേര്‍ന്ന് ലങ്കയെ നയിച്ചു. ഇരുവരും അര്‍ദ്ധസെഞ്ച്വറി നേടിയാണ് പുറത്തായത്. ഇംഗ്ലണ്ട് ബൌളിംഗ് നിരയില്‍ ആന്‍ഡേഴ്സണ്‍ 9.3 ഓവറില്‍ വെറും 20 റണ്‍സ് വഴങ്ങിയാണ് മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ബ്രോഡും മൂന്ന് വിക്കറ്റ് നേടി.

മോര്‍ഗന്‍(62), കോളിംഗ്‌വുഡ്‌(46), ഒവൈസ്‌ ഷാ(44) എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ ഇംഗ്ലണ്ട് ലങ്കയെ അനായാസം മറികടന്നു.

വെബ്ദുനിയ വായിക്കുക