മത്സരങ്ങളുടെ ലോകത്ത് നിന്ന് ഒരു വര്‍ഷം വിരമിക്കുകയാണ്. അതേസമയം കളിക്കളത്തിലിറങ്ങാന്‍ മറ്റൊരു വര്‍ഷം ജേഴ്സിയണിഞ്ഞ് തയ്യാറായിരിക്കുന്നു. 2011നെ ചരിത്രത്തിന്റെ ഭിത്തിയില്‍ തൂക്കി ‘വര്‍ത്തമാനത്തിന്റെ’ കോര്‍ട്ടില്‍ 2012 ‘കളി’ തുടങ്ങുകയാണ്. ആരവങ്ങളും ആര്‍പ്പുവിളികളുമായി കായികപ്രേമികള്‍ കാത്തിരിക്കുന്ന പുത്തന്‍ വീരചരിതങ്ങള്‍ക്കായി. ഇന്നലെയുടെ ആരവങ്ങളാകും നാളെയുടെ പോരാട്ടങ്ങള്‍ക്ക് ആവേശം പകരുക. അതിനാല്‍ 2012 കളി തുടങ്ങും മുന്നേ 2011ലെ കായികവിശേഷങ്ങളുടെ ഒരു റീപ്ലേ.
എന്നും ജയിച്ചവനൊപ്പമാണ് ലോകം. കായികമേഖലയിലാകുമ്പോള്‍ പറയുകയും വേണ്ട. പക്ഷേ വീഴ്ചകളും ഒരു പാഠമാണ്. തെറ്റുകള്‍ പരിഹരിച്ച് മുന്നേറാന്‍ കിട്ടുന്ന ഒരു അവസരം. ചിലപ്പോള്‍ അത് നൊമ്പരക്കാഴ്ചകളുമാകും. പക്ഷേ റീപ്ലേയില്‍ കളി തുടങ്ങുമ്പോള്‍ നേട്ടങ്ങളുടെ പട്ടികയാകും ആദ്യം കാണുക.
സ്വന്തം രാജ്യത്തിന്റെ ജേഴ്സി അണിയുകയെന്നതാണ് ഏതൊരു കായികതാരത്തിന്റേയും സ്വപ്നവും സാഫല്യവും. നേട്ടങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ സ്വന്തം രാജ്യത്തിന്റെ കോര്‍ട്ടിലാകുന്നത് അഭിമാനനിമിഷവുമാണ്. ഇനി ഇന്‍ട്രൊഡക്ഷനില്ല; ഇതാ റീപ്ലേ തുടങ്ങിയിരിക്കുന്നു.
ചിലര്‍ കണ്ണുകള്‍ ഇറുകെയടച്ചു. മറ്റ് ചിലര്‍ പ്രാര്‍ഥനകള്‍ ഉരുവിട്ടു. വേറൊരു കൂട്ടര്‍ ഓരോ റണ്ണിനും ആര്‍ത്തുവിളിച്ചു. ആവേശം ഒരോ അണുവിലും. നിമിഷങ്ങള്‍ക്ക് മണിക്കൂറിനേക്കാളും ദൈര്‍ഘ്യം. ഒടുവില്‍ ആ അസുലഭ മുഹൂര്‍ത്തം സംഭവിച്ചു. കോടിക്കണക്കിന് ആരാധകര്‍ക്കുള്ള സമ്മാനമായി 48.2 ഓവറില്‍ ധോണി കുലശേഖരയെ നിലം തൊടാതെ പറത്തി. ഫലം ടീം ഇന്ത്യ ലോകത്തിന്റെ നെറുകയില്‍.
ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്ക ഉയര്‍ത്തിയ 275 റണ്‍സിന്റെ വിജയലക്‍ഷ്യം ഇന്ത്യ 48.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്. സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെവച്ച് പുറത്തായ ഗൌതം ഗംഭീറും നായകന്റെ കളികെട്ടഴിച്ച മഹേന്ദ്ര സിംഗ് ധോണിയുമാണ് ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായത്. എഴുപത്തിയൊമ്പത് പന്തുകളില്‍ നിന്ന് രണ്ട് സിക്സറുകളും എട്ട് ബൌണ്ടറികളും ഉള്‍പ്പടെ 91 റണ്‍സ് നേടി പുറത്താകാതെ നിന്ന ധോണിയാണ് മാന്‍ ഓഫ് ദ മാച്ചും. യുവരാജ് സിംഗ് ആണ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്. 1983ന് ശേഷം ടീം ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ നിമിഷം തന്നെയാകും(ഏപ്രില്‍ രണ്ട്) 2011ല്‍ കായികരംഗത്ത് ഇന്ത്യക്കാരന്റെ അഭിമാനനിമിഷം.
നേട്ടങ്ങളുടെ കളിക്കളത്തില്‍ മാത്രമല്ല തകര്‍ച്ചയുടെ പിച്ചിലും ടീം ഇന്ത്യ ബാറ്റ് ചെയ്തു. ഇംഗ്ലണ്ട് പര്യടനത്തിലെ സമ്പൂര്‍ണ്ണ പരാജയം ടീം ഇന്ത്യക്ക് ടെസ്റ്റ് തമ്പുരാക്കന്‍മാരുടെ പദവി നഷ്ടമാക്കി. ഇംഗ്ലണ്ട് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തുകയും ചെയ്തു.
ഇനി ഒരു വെടിക്കെട്ടിന്റെ വിശേഷമാണ്. ഒരു കിരീടധാരണത്തിന്റെയും. ഏകദിനക്രിക്കറ്റിലെ തമ്പുരാന്റെ സിംഹാസനത്തില്‍ ടീം ഇന്ത്യയുടെ വിരേന്ദ്ര സെവാഗ് ഇരിപ്പുറപ്പിച്ചതിന്റെ വിശേഷം. ഏകദിനക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ സെവാഗ് സ്വന്തം പേരില്‍ കുറിച്ചു. ഏകദിനക്രിക്കറ്റിലെ രണ്ടാം ഇരട്ടസെഞ്ച്വറിയും. വെസ്റ്റിന്‍ഡീസിനെതിരെയുള്ള ഏകദിനപരമ്പരയിലെ നാലാം മത്സരത്തില്‍ 219 റണ്‍സ് നേടിയാണ് സെവാഗ് ഈ സുവര്‍ണനേട്ടത്തിലെത്തിയത്. 2010ല്‍ ഇന്ത്യയുടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നേടിയ 200 റണ്‍സിന്റെ റെക്കോര്‍ഡ് ആണ് സെവാഗ് മറികടന്നത്.
ടീം ഇന്ത്യക്ക് പ്രചോദനമാകാന്‍ നഗ്നയാകുമെന്ന് പ്രഖ്യാപിച്ച് പൂനം പാണ്ഡെയെന്ന മോഡല്‍ പണം കൊയ്തതും ക്രിക്കറ്റ് ലോകത്ത് നിന്ന് കേള്‍ക്കാവുന്ന വാര്‍ത്തയാണ്. ടീം ഇന്ത്യ ലോകകപ്പ് നേടിയാല്‍ സ്റ്റേഡിയത്തില്‍ നഗ്നയാകുമെന്നായിരുന്നു പൂനം പ്രഖ്യാപിച്ചത്. എന്നാല്‍ ടീം ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ പൂനത്തിന്റെ നഗ്നതയ്ക്കായി ക്യാമറകള്‍ സ്റ്റേഡിയത്തിന്റെ എല്ലായിടവും പരതിയെങ്കിലും നിരാശയായിരുന്നു ഫലം. പക്ഷേ നഗ്നയായില്ലെങ്കിലും പൂനം മനസ്സില്‍ കണ്ടത് പൂര്‍ണമായും കിട്ടി. വന്‍ ഓഫറുകള്‍, മാധ്യമശ്രദ്ധ, പ്രശസ്തി അങ്ങനെ എല്ലാം. പൂനം നഗ്നയാകുമോ ഇല്ലയോ എന്ന വാര്‍ത്തയില്‍ നിന്ന് കാഴ്ച തിരിക്കുകയാണ്.
ഇത്തവണയും ചെന്നൈ സൂപ്പര്‍ കിംഗ്സ് കുട്ടിക്രിക്കറ്റിലെ രാജാക്കന്‍മാരായി. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് വീണ്ടും ഐ പി എല്‍ കിരീടം നേടിയത്. എന്നാല്‍ ചാമ്പ്യന്‍സ് ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇത്തവണ മുംബൈ ഇന്ത്യന്‍സിനായിരുന്നു. ഇവിടെയും അന്തിമപ്പോരാട്ടത്തില്‍ പരാജയപ്പെട്ടത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് തന്നെയെന്നത് യാദൃശ്ചികം.
ക്രിക്കറ്റില്‍ ഒരു കോഴക്കളി വെളിച്ചത്തുവന്നതും റീപ്ലേ ചെയ്യാതെ വയ്യ. പാക് നായകന്‍ സല്‍മാന്‍ ബട്ട്, പേസ് ബൌളര്‍മാരായ, മുഹമ്മദ് ആസിഫ് മുഹമ്മദ് ആമിര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് ബ്രിട്ടിഷ് കോടതി കണ്ടെത്തി. ഇവര്‍ക്ക് കോടതി ശിക്ഷ വിധിക്കുകയും ചെയ്തു. 2010ല്‍ ഓഗസ്റ്റില്‍ ലോര്‍ഡ്സില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ വാതുവയ്പ്പുകാരുടെ ഏജന്റില്‍ നിന്ന് പണം കൈപ്പറ്റി മത്സരം തത്സമയം ഒത്തുകളിച്ചുവെന്നാണ് കേസ്.
ക്രിക്കറ്റില്‍ നിന്ന് പോകും മുന്നേ ഒരു കാത്തിരിപ്പിന്റെ വിശേഷം കൂടി പറയാനുണ്ട്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നൂറാം സെഞ്ച്വറിക്കായുള്ള കാത്തിരിപ്പ്. മാര്‍ച്ചില്‍ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയെയാണ് സച്ചിന്‍ തൊണ്ണൂറ്റിയൊമ്പതാം സെഞ്ച്വറി നേടിയത്. ലോകകപ്പിന് ശേഷം സച്ചിന്‍ ഏകദിനമത്സരങ്ങള്‍ കളിച്ചിട്ടില്ല. എന്നാല്‍. ‘ഇതാ ഈ ടെസ്റ്റില്‍ നൂറാം സെഞ്ച്വറി’ എന്ന തോന്നലില്‍ സച്ചിന്‍ 15 ഇന്നിംഗ്സുകളില്‍ ബാറ്റേന്തി. തൊണ്ണൂറുകളില്‍ എത്തിയ അവസരവുമുണ്ടായി. പക്ഷേ നൂറാം സെഞ്ച്വറി മാത്രമുണ്ടായില്ല. ഇനി ആ കാത്തിരിപ്പ് അധികം നീളില്ലെന്ന് കരുതാം.
അടുത്ത പേജില്‍ - ഹോക്കി ഇന്ത്യയുടെയും വര്‍ഷം
ക്രിക്കറ്റിന് അമിതപ്രാധാന്യം നല്‍കിയെന്ന് വായനക്കാര്‍ പരിഭവിക്കരുത്. ദേശീയ വിനോദമായ ഹോക്കിയുടെ റീപ്ലേകള്‍ ഇതായെത്തി. പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് ഹോക്കി ഇന്ത്യ കരുത്ത് കാട്ടിയത്. ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്താണ് ഹോക്കി ഇന്ത്യ ഏഷ്യയുടെ രാജാക്കന്‍മാരായത് എന്നതിനാല്‍ വിജയത്തിന് മധുരം ഏറുന്നു.
പക്ഷേ ഈ വിജയ മാധുര്യം സമ്മാനിച്ച താരങ്ങളെ നിരാശരാക്കുന്ന നടപടികളാണ് കായികമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എടുത്തുപറയേണ്ടിയിരിക്കുന്നു. ലോകകപ്പ് നേടിയ ടീം ഇന്ത്യയ്ക്കുള്ള സമ്മാനമഴ ഇപ്പോഴും പെയ്തുതീര്‍ന്നില്ല. എന്നാല്‍ ഏഷ്യന്‍ രാജാക്കന്‍മാരായ ഇന്ത്യന്‍ ഹോക്കി ടീമിന് കേന്ദ്ര സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ച സമ്മാനം വെറും 25,000 രൂപയാണ്. ടീം ഈ സമ്മാനം നിരസിക്കുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതിനെ തുടര്‍ന്ന് ഒന്നര ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മൈതാനം മാറുന്നു. അവിടെ കാല്‍പ്പന്തു കളിയുടെ ആരവമുയരുന്നു. അഫ്ഗാനിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ സാഫ് കിരീടം നേടിയിരിക്കുന്നു. തുടര്‍ച്ചയായ ആറാം തവണയാണ് ഇന്ത്യ സാഫ് ജേതാക്കളാകുന്നത്. ഇന്ത്യക്ക് വേണ്ടി ഏഴ് ഗോള്‍ നേടിയ സുനില്‍ ഛേത്രിയെ ഫൈനലിലെയും ടൂര്‍ണമെന്‍റിലെയും താരമായി തെരഞ്ഞെടുത്തു.
ഇന്ത്യന്‍ ഫുട്ബോളിന് ആവേശക്കാഴ്ചകള്‍ സമ്മാനിക്കാന്‍ കാല്‍പ്പന്തിന്റെ രാജകുമാരന്‍ മെസ്സിയെത്തിയതും ഈ വര്‍ഷം തന്നെ. കളിയഴകിന്റെ സ്വപ്നനിമിഷങ്ങള്‍ സമ്മാനിച്ച് മെസ്സിയുടെ അര്‍ജന്റീന വെനസ്വേലയ്ക്കെതിരെ എതിരില്ലാത്ത ഒരു ഗോള്‍ വിജയം നേടി. കൊല്‍ക്കത്തയില്‍ ആരാധകരുടെ മനസ്സില്‍ ആവേശക്കടല്‍ തീര്‍ത്ത മത്സരം നിയന്ത്രിച്ചത് പാലക്കാട്ടുകാരനായ എ റോവനും തൃശൂരുകാരനായ ദിനേഷ് നായരുമാണെന്നത് മലയാളികള്‍ക്കും അഭിമാനമേകുന്നു. ഇന്ത്യയില്‍ ഫിഫ അംഗീകാരത്തോടെ നടന്ന ആദ്യ രാജ്യാന്തരമത്സരമായിരുന്നു ഇത്.
കോപ്പ അമേരിക്കയില്‍ ഏറ്റവും കൂടൂതല്‍ വിജയവുമായി ഉറേഗ്വ റെക്കോര്‍ഡിട്ടതാണ് ഫുട്ബോള്‍ മൈതാനത്തെ മറ്റൊരു വിശേഷം. പാരഗ്വായെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഉറേഗ്വ ചാമ്പ്യന്‍മാരായത്. പതിനഞ്ചാം തവണയാണ് ഉറേഗ്വേ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുന്നത്. ഇതോടെ, 14 കിരീടങ്ങളുമായി റെക്കോര്‍ഡ് ചരിത്രത്തില്‍ ഒപ്പമുണ്ടായിരുന്ന അര്‍ജന്റീന പിന്നിലായി.
ഫുട്ബോള്‍ ലോകത്ത് രണ്ട് നഷ്ടമാണ് ഈ വര്‍ഷം ഉണ്ടായത്. ഇതിഹാസ താരങ്ങളില്‍ ഒരാള്‍ കളിക്കളത്തില്‍ നിന്ന് വിരമിച്ചപ്പോള്‍ മറ്റൊരാള്‍ ജീവിതത്തില്‍ നിന്നുതന്നെ വിടവാങ്ങി. ലോകോത്തര താരവും ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്ട്രക്കര്‍മാരിലൊരാളായ റൊണാള്‍ഡോയാണ് രാജ്യാന്തര മത്സരത്തില്‍ നിന്ന് വിരമിച്ചത്. രണ്ടു തവണ ലോക ഫുട്ബോളര്‍ പട്ടം ലഭിച്ചിട്ടുള്ള താരമായ റൊണാള്‍ഡോ ലോകകപ്പ് ഫുട്ബോളിലെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനും കൂടിയാണ്. 2011ല്‍ കളിക്കളത്തിന് എന്നേക്കുമായി നഷ്ടപ്പെട്ടത് എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡറായ സോക്രട്ടീസ് ബ്രാസിലീറോ സാംപായോ ആണ്. പേരിനെ അന്വര്‍ഥമാക്കുന്നതു പോലെ കാല്‍പ്പന്തുകളിയുടെ തത്വചിന്തകനെയായിരുന്നു സോക്രട്ടീസ്. ഡോക്ടര്‍, നോവലിസ്റ്റ്, രാഷ്ട്രീയക്കാരന്‍ എന്നിങ്ങനെ നിരവധി മേഖലകളില്‍ പ്രാഗദ്ഭ്യം തെളിച്ച താരമാണ് ബ്രസീലിന്റെ മുന്‍നായകന്‍ കൂടിയായ സോക്രട്ടീസ് എന്നറിയുമ്പോള്‍ ആ വിയോഗത്തിന് ആഘാതം വര്‍ധിക്കുന്നു.
അടുത്ത പേജില്‍ - ടെന്നിസ് ഭരണം
റീപ്ലേയില്‍ കാല്‍പ്പന്തുകളി തല്‍ക്കാലം അവസാനിക്കുന്നു. വേഗതയുടെ ട്രാക്കില്‍ കാറുകള്‍ കുതിച്ചുപായുകയാണ്. ഇന്ത്യയില്‍ ആദ്യമായി നടന്ന ഫോര്‍മുല വണ്‍ കാറോട്ട മത്സരത്തിന്റെ ഇരമ്പലുകള്‍ വേഗതയെ പ്രണയിക്കുന്നവര്‍ക്ക് സംഗീതമായി തോന്നിയിട്ടുണ്ടാകും. ന്യൂഡല്‍ഹിയില്‍ ബുദ്ധ സര്‍ക്ക്യൂട്ടില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി കാറോട്ടമത്സരത്തില്‍ റെഡ്ബൂള്‍ ടീമിന്റെ സെബാസ്റ്റ്യന്‍ വെറ്റല്‍ കിരീടം ചൂടിയപ്പോള്‍ മക്‍ലാറന്റെ ജെന്‍സണ്‍ ബട്ടണ്‍ രണ്ടാമതും ഫെരാരിയുടെ ഫെര്‍ണാണ്ടോ അലോണ്‍സോ മൂന്നാമതും ഫിനിഷ് ചെയ്തു. ഏക ഇന്ത്യന്‍ ടീമായ സഹാര ഇന്ത്യയുടെ അഡ്രിസ്യാന്‍ സുട്ടില്‍ ഒമ്പതാമതെത്തി. ഹിസ്പാനിയ റേസിംഗിനു വേണ്ടിയിറങ്ങിയ ഇന്ത്യന്‍ താരം നരെയ്‌ന്‍ കാര്‍ത്തികേയന് പതിനേഴാം സ്ഥാനം ലഭിച്ചു. ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രിയില്‍ തുടര്‍ച്ചയായി രണ്ടുവട്ടം ലോകകിരീടം നേടുന്ന താരം എന്ന ബഹുമതിക്ക് വെറ്റല്‍ 2011ല്‍ അര്‍ഹനായി.
ടെന്നീസ് റാക്കറ്റേന്തി റീപ്ലേയിലേക്ക് സര്‍വീസ് പായിച്ചിരിക്കുകയാണ് സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച്. കഴിഞ്ഞ കുറച്ച് വര്‍ഷമായി പുരുഷ ടെന്നീസ് ലോകം ഭരിച്ച സ്പെയിനിന്റെ റാഫേല്‍ നദാലിനെ പിന്നിലാക്കി ജോക്കോവിച്ച് ലോക ഒന്നാം നമ്പര്‍ താരമായി. നദാലിനെ തറപറ്റിച്ച് വിംബിള്‍ഡണിലും യു എസ് ഓപ്പണിലും ജോക്കോവിച്ച് രാജാവായി. വിംബിള്‍ഡന്‍ കിരീടം നിലനിര്‍ത്താനായതും സ്പെയിനിനുവേണ്ടി ഡേവിസ് കപ്പ് വീണ്ടെടുക്കാനായതുമാണ് 2011ല്‍ നദാലിന്റെ പ്രധാന നേട്ടങ്ങള്‍. എടിപി ലോക ടൂര്‍ ടെന്നീസ് ഫൈനല്‍സില്‍ ആറാം തവണയും കിരീടം നേടിയാണ് മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ താരമായത്.
ഒരു ഏഷ്യന്‍ താരം ഗ്ലാന്‍സ്ലാം സിംഗിള്‍സില്‍ ചരിത്രം കുറിച്ച ദൃശ്യങ്ങള്‍ കൂടി 2011ന്റെ റീപ്ലേയിലുണ്ട്. ഗ്ലാന്‍സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഏഷ്യന്‍ താരമായി ചൈനക്കാരിയായ ലി നാ(29) മാറി. മുന്‍ ചാമ്പ്യന്‍ ഫ്രാന്‍സിസ്കാ ഷിയാവോണയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ലി നാ ഫ്രഞ്ച് ഓപ്പണ്‍ വനിതാ കിരീടം സ്വന്തമാക്കിയത്.
അതാ ലോക അത്‌ലറ്റിക് മീറ്റിന്റെ ട്രാക്കില്‍ വേഗതയുടെ രാജകുമാരന്‍ ജമൈക്കയുടെ ബോള്‍ട്ട് കുതിക്കാന്‍ തയ്യാറായിരിക്കുന്നു. അയ്യോ കഷ്ടമെന്നേ പറയേണ്ടൂ. ഫൌള്‍ സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് ബോള്‍ട്ടിന് അയോഗ്യത. ബോള്‍ട്ടിലൂടെയല്ലെങ്കിലും ഗ്ലാമര്‍ ഇനമായ 100 മീറ്ററില്‍ ജമൈക്ക തന്നെ മേധാവിത്വം നിലനിര്‍ത്തിയിരിക്കുന്നു. 9.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബ്ലെയ്ക്ക് ആണ് കിരീടം നേടിയത്. എന്നാല്‍ ചരിത്രത്തിലെ നാലാമത്തെ മികച്ച സമയം കണ്ടെത്തി ബോള്‍ട്ട് 200 മീറ്ററില്‍ സ്വര്‍ണം നേടി. 2011ലെ ലോക അത്‌ലറ്റിക്സില്‍ ഒരു സുന്ദരി ഉയരങ്ങളില്‍ നിന്ന് താഴേക്ക് പതിക്കുകയും ചെയ്തു. ഉയരങ്ങള്‍ കീഴടക്കി അദ്ഭുതമായി പറന്നിറങ്ങാറുള്ള സുന്ദരിക്ക് ഇത്തവണ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡലില്ല. പോള്‍വോള്‍ട്ടില്‍ ലോകറെക്കോര്‍ഡുകാരി യെലേന ഇസിന്‍ബയേവ ഇത്തവണ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അടുത്ത പേജില്‍ - സ്വര്‍ണ മയൂഖം
വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടമില്ലെങ്കിലും അഭിമാനിക്കാന്‍ പോന്ന ഒരു മുഹൂര്‍ത്തം മയൂഖ ജോണി ഇന്ത്യക്ക് സമ്മാനിച്ചു. അഞ്ജു ബോബി ജോര്‍ജിന് ശേഷം ആദ്യമായി മയൂഖയിലൂടെ ഇന്ത്യ വനിതാ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് മലയാളി താരം മയൂഖ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയും മലയാളി താരവുമായ പ്രീജ ശ്രീധരന്‍ ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് അര്‍ഹയായിയെന്നത് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ പോന്ന ഒരു നേട്ടമാണ്. ഏഷ്യന്‍ ഗെയിംഗ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയിലെ മികച്ച പ്രകടനമാണ് പ്രീജയെ അര്‍ജുന അവാര്‍ഡിന് അര്‍ഹയാക്കിയത്.
ഒരു ഉത്തേജകമരുന്ന് വിവാദത്തിന്റെ ദൃശ്യങ്ങള്‍ റീപ്ലേയില്‍ കാണാതെ പോകില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട സ്വര്‍ണം നേടീയ അശ്വിനി അകുജ്ഞി, മലയാളി താരങ്ങളായ സിനി ജോസ്, എം ഹരികൃഷ്ണന്‍, ടിയാന മേരി തോമസ്, മന്ദീപ് കൌര്‍, ജുവാന്‍ മുര്‍മു, പ്രിയ പന്‍വര്‍ എന്നിവര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. ഹരികൃഷ്ണനെ രണ്ട് വര്‍ഷത്തേയ്ക്കും മറ്റ് താരങ്ങളെ ആറ് വര്‍ഷത്തേയ്ക്കും നാഡ വിലക്കുകയും ചെയ്തു.
റീപ്ലേ ഇവിടെ അവസാനിക്കുന്നു. ഇനി ലൈവിനുള്ള സമയമാണ്. പുത്തന്‍ കുതിപ്പുകളും ഉണര്‍വുകളും പോരാട്ടങ്ങളും ഏറ്റുവാങ്ങാന്‍ 2012ന്റെ കളിക്കളം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ റെഡി, സ്റ്റാര്‍ട്ട്...