സച്ചിനോ പോണ്ടിംഗോ മഹാന്‍

PRO
ഇന്ത്യയുടെ സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ക്രിക്കറ്റില്‍ അരങ്ങേറിയതു മുതല്‍ പല കാലഘട്ടങ്ങളില്‍ പലതാരങ്ങളുമായി താരതമ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കരിയറിന്‍റെ തുടക്കകാലത്ത് സുനില്‍ ഗവാസ്കറുമായും പിന്നീട് ഇതിഹാസ താരം ഡോണ്‍ ബ്രാഡ്‌മാനുമായും ബ്രയാന്‍ ലാറയുമായുമെല്ലാം സച്ചിനെ താരതമ്യം ചെയ്തിട്ടുണ്ട്.

എന്നാല്‍ സച്ചിന്‍റെ സമകാലീനനായ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗുമായി സച്ചിനെ അധികമൊന്നും ആരും താരതമ്യം ചെയ്തിട്ടില്ല. സമകാലീന ക്രിക്കറ്റില്‍ സച്ചിന്‍റെ സെഞ്ച്വറികളുടെ റെക്കോര്‍ഡ് (ടെസ്റ്റിലെങ്കിലും) തകര്‍ക്കാന്‍ കെല്‍‌പ്പുള്ള ഒരേയൊരു താരമായിട്ടും പോണ്ടിംഗിനെ സച്ചിനുമായി താരതമ്യം ചെയ്യാതിരിക്കുന്നതിന് മറ്റു പലകാരണങ്ങളുമുണ്ടാകാം.

എങ്കിലും ഇന്ന് പാകിസ്ഥാനെ കീഴടക്കി പോണ്ടിംഗ് പിന്നിട്ടൊരു നാഴികകല്ല് സച്ചിന്‍ ഇനിയെത്ര ടെസ്റ്റ് കളിച്ചാലും മറികടക്കാനാവില്ല എന്നതാണ് ഇപ്പോള്‍ ഇങ്ങനെയൊരു താരതമ്യം ആവശ്യമായി വരുന്നതിന് പിന്നിലെ കാരണം. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളില്‍ പങ്കാളിയായ താരമെന്നതിനു പുറമെ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ ഓസീസിന് സമ്മാനിച്ച നായകനെന്ന റെക്കോര്‍ഡും സച്ചിന്‍റെ പകുതി മാത്രം പ്രതിഭയുള്ള പോണ്ടിംഗ് ഇന്ന് പിന്നിട്ടു.

90 കളുടെ മധ്യത്തില്‍ ഓസീ‍നായി അരങ്ങേറിയതു മുതല്‍ 93 ടെസ്റ്റ് വിജയങ്ങളിലാണ് പോണ്ടിംഗ് തന്‍റെ സാന്നിധ്യമറിയിച്ചത്. സച്ചിന്‍ അടങ്ങിയ ഇന്ത്യന്‍ ടീം ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 100 വിജയങ്ങള്‍ മാത്രമാണ്. അതിന് സച്ചിനെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലെങ്കിലും ഓസീസ് വിജയങ്ങളില്ലാം പോണ്ടിംഗിന്‍റെ സംഭാവനകള്‍ എത്രമാത്രം നിര്‍ണായകമായിരുന്നുവെന്ന് കണക്കുകള്‍ നോക്കുമ്പോഴാണ് സച്ചിനേക്കാള്‍ അല്ലെങ്കില്‍ സച്ചിനോളമെങ്കിലും പോണ്ടിംഗ് കേമനാണെന്ന് നമുക്ക് സമ്മതിക്കേണ്ടി വരുന്നത്.

ഓസ്ട്രേലിയക്കായി പോണ്ടിംഗ് നേടിയത് 38 ടെസ്റ്റ് സെഞ്ച്വറികളാ‍ണ് അവയില്‍ 24ഉം ടീമിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. അതായത് പോണ്ടിംഗ് നേടിയ സെഞ്ച്വറികളില്‍ 63 ശതമാനവും ഓസീസ് വിജയത്തിന് മുതല്‍ക്കൂട്ടായി. ഇക്കാര്യത്തില്‍ പാകിസ്ഥാന്‍ നായകന്‍ ഇന്‍‌സമാം ഉള്‍-ഹഖ് മാത്രമേ പോണ്ടിംഗിനു മുന്നിലുള്ളു. ഇന്‍സ്മാം നേടിയ 25 സെഞ്ച്വറികളില്‍ 17ഉം പാകിസ്ഥാനെ ജയിപ്പിച്ചു.

PRO
എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 43 സെഞ്ച്വറികള്‍ സ്വന്തം പേരില്‍ കുറിച്ച സച്ചിന്‍റെ 16 സെഞ്ച്വറികള്‍ മാത്രമാണ് ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചു നടത്തിയത്. അതായത് വിജയത്തിലേക്കുള്ള സച്ചിന്‍റെ സംഭാവന വെറും 38 ശതമാനം മാത്രം. ഇതിനെല്ലാം പുറമെ നിര്‍ണായകമായ രണ്ടാം ഇന്നിംഗ്സില്‍ പോണ്ടിംഗ് നേടിയ ആറ് സെഞ്ച്വറികളില്‍ അഞ്ചും ഓസീസിനെ വിജയസോപാനത്തിലേറ്റിയപ്പോള്‍ (83%) സച്ചിന്‍ നേടിയ 10 സെഞ്ച്വറികളില്‍ മൂന്നെണ്ണം മാത്രമാണ് (30%) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സച്ചിന്‍ സെഞ്ച്വറി നേടിയിട്ടും ഇന്ത്യ തോറ്റത് ഒമ്പതു ടെസ്റ്റുകള്‍. സമനില നേടിയത് 17 ടെസ്റ്റുകളില്‍.

ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിമാണെന്ന് അംഗീകരിക്കുമ്പോഴും സച്ചിനെ പോലെ മഹാനായൊരു കളിക്കാരന്‍ ഇന്ത്യന്‍ വിജയങ്ങളില്‍ എത്രമാത്രം സംഭാവന ചെയ്തുവെന്നത് വിശകലനത്തിന് വിധേയമാക്കേണ്ടതാണ്. എത്ര മഹാനായ താരമായാലും നേടിയ സെഞ്ച്വറികള്‍ ടീമിന്‍റെ വിജയത്തിലേക്കുള്ള സംഭാവനകളല്ലെങ്കില്‍ പിന്നെ ആ മഹത്വം കൊണ്ട് എന്തുകാര്യം. പോണ്ടിംഗ് എന്ന നായകന് അദ്ദേഹത്തിന്‍റെ ടീമിലെ മറ്റ് താരങ്ങളില്‍ നിന്ന് ലഭിച്ച പിന്തുണ ഈ വിജയങ്ങളില്‍ നിര്‍ണായകമായിരുന്നുവെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വന്തം പ്രകടനം കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കുന്ന കാര്യത്തില്‍ സച്ചിനേക്കാള്‍ മികച്ച റെക്കോര്‍ഡുള്ളത് രാഹുല്‍ദ്രാവിഡിനാണെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോള്‍ ആ വാദത്തിന്‍റെ മുനയും ഒടിയുന്നു.

കണക്കിന്‍റെയും കണക്കുക്കൂട്ടലുകളുടെയും കളിയായ ക്രിക്കറ്റില്‍ കണക്കറ്റ പ്രതിഭയ്ക്കുടമയായ സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴെങ്കിലും വേറിട്ടൊരു വിശകലനം ആവശ്യമാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കുറഞ്ഞപക്ഷം സച്ചിന്‍ നേടിയ വ്യക്തിഗത നേട്ടങ്ങളുടെയും റണ്‍‌മലകളുടെയും കണക്കു പറഞ്ഞ് മറ്റ് താരങ്ങളെ അവഹേളിക്കാതിരിക്കാനെങ്കിലും ഇത് ഉപകരിക്കും.

വെബ്ദുനിയ വായിക്കുക