പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യദിനം തന്നെ 26 പേര്‍ രോഗമുക്തി നേടിക്കൊണ്ട് അതിജീവനത്തിന്റെ കരുത്തുകാട്ടുകയാണ് കാസര്‍കോട്. കഴിഞ്ഞമാസം 16 മുതലായിരുന്നു കാസര്‍കോട് കൊവിഡ് രോഗം സ്ഥിരീകരിച്ചുതുടങ്ങിയിരുന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ രോഗികളുടെ എണ്ണം പെരുകി വന്നു. എല്ലാദിവസവും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു.
രോഗം ബാധിച്ചവരില്‍ ആരും ഇതുവരെ ജില്ലയില്‍ മരണപ്പെട്ടിട്ടില്ലെന്നത് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ച സ്പെഷ്യല്‍ ഓഫീസര്‍ ജില്ലാഭരണകൂടം, പൊലീസ് സംവിധാനം, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച പൊതുജനങ്ങള്‍ എന്നിവരോടെല്ലാം ഡിഎംഒ ഡോ. എ വി രാംദാസ് നന്ദി പറഞ്ഞു. 10,374 പേരാണ് ജില്ലയില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.