ഓണത്തിന് ശേഷം കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. പത്ത് ദിവസത്തിനിടെ 24 ശതമാനത്തിന്റെ വർധനവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് 0.96ൽ നിന്ന് 1.5ആയി ഉയർന്നിട്ടുണ്ട്. ആർ നോട്ട് ഉയർന്നില്ലെങ്കിൽ രോഗികളുടെ എണ്ണത്തിൽ ഇനി വലിയ വർധന ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിലെ സ്ഥിതിയിൽ ഈ ആഴ്‌ച തന്നെ പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തിന് മുകളിലെത്താമെന്നാണ് വിലയിരുത്തൽ.
വാക്‌സിനേഷൻ കാര്യമായ പുരോഗതിയുണ്ടായതിനാൽ രോഗാവസ്ഥ ഗുരുതരമാവില്ലെന്നാണ് വിലയിരുത്തൽ. ഐ സി യു, വെന്റിലേറ്റർ എന്നിവയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകില്ല. എന്നാൽ ഓക്സിജൻ ആവശ്യമുള്ള രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടുണ്ട്. മലപ്പുറം ,തൃശൂർ,കോഴിക്കോട്,എറണാകുളം ജില്ലകളിലാണ് രോഗികൾ ഏറെയെങ്കിലും ഒരാളിൽ നിന്ന് എത്രപേരിലേക്ക് രോഗം പകർന്നുവെന്ന് കണക്കാക്കുന്ന ആർ നോട്ട് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഉയർന്നിട്ടുണ്ട് എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാനുള്ള ഇൻകുബേഷൻ സമയം ആറ് ദിവസമായി കുറഞ്ഞിട്ടുണ്ട്. ഇത് മൂന്ന് ദിവസം എന്ന കണക്കിലേക്കും എത്തുന്നുണ്ട്. നിയന്ത്രണങ്ങൾ കർശനമാക്കുകയും വാക്‌സിനേഷൻ തോത് ഉയർത്തുകയും ചെയ്യുന്നതോടെ സാഹചര്യം നിയന്ത്രണവിധേയമാക്കാമെന്ന വിലയിരുത്തലിലാണ് സർക്കാർ.