രാത്രി വൈകിയും അവള്‍ ഉറങ്ങാതെ കാത്തിരുന്നു. അവന്‍ വരാനുണ്ട്. അവന്‍ വന്നതിന് ശേഷമേ ഈ രാത്രിയില്‍ മാത്രമല്ല, ഇനിയുള്ള കാലം താന്‍ ജീവിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവൂ എന്ന് അവള്‍ക്കറിയാമായിരുന്നു. ഒരു രാത്രിക്ക് തന്‍റെ ആയുസിന്‍റെ മൂല്യമുണ്ട്.
ജ്വാല. പേരുപോലെ തന്നെ ജ്വലിക്കുന്ന സൌന്ദര്യമുള്ളവള്‍. കാത്തിരുന്നത് വിവേകിനെയാണ്. ഒരുകാലത്ത് താന്‍ ജീവനെക്കാള്‍ പ്രണയിച്ചവനെ. പിന്നീട് സ്നേഹ എന്നൊരു പെണ്‍കുട്ടി അവന്‍റെ ജീവിതത്തിലേക്കെത്തി. വിവേകും സ്നേഹയും വിവാഹിതരായി. ജ്വാലയുടെ ഹൃദയം മുറിഞ്ഞ ദിനങ്ങളായിരുന്നു അത്.
അതിന് ശേഷം അവര്‍ ഏറെ സംസാരിച്ചു. കൂടുതലും സ്നേഹയെക്കുറിച്ചായിരുന്നു. അവള്‍ വിവേകിനെ സ്നേഹിച്ചതിനെപ്പറ്റി. അവരുടെ ദാമ്പത്യത്തെ പറ്റി.
ഒടുവില്‍ ഒരുദിവസം ജ്വാല ചോദിച്ചു - “എന്നെക്കാണാന്‍ എന്നുവരും?”. അങ്ങനെയൊരു ചോദ്യം ചോദിക്കണമെന്ന് ജ്വാല ആഗ്രഹിച്ചിരുന്നതല്ല. പക്ഷേ പിന്നീടുതോന്നി, വിവേകിനൊപ്പമല്ലാതെയുള്ള ഈ ജീവിതം അര്‍ത്ഥശൂന്യമാണ്. ശ്രുതിഭംഗം വന്ന പാട്ടുപോലെ. ഇതളടര്‍ന്ന പൂവുപോലെ.
വിവേകിന്‍റെ മറുപടി പെട്ടെന്നുതന്നെ വന്നു - “ഈ ഞായറാഴ്ച രാത്രി വരാം... നിന്നെ കാണാന്‍”. ആ മറുപടിയുടെ ആന്തരാര്‍ത്ഥങ്ങളിലേക്ക് ജ്വാല ചിന്തിച്ചില്ല. പക്ഷേ അവള്‍ ഒന്നുതീരുമാനിച്ചു - അവനെ കണ്ടതിനുശേഷം, അവന്‍ തന്‍റെ ജീവിതത്തിലേക്ക് വന്നില്ലെങ്കില്‍ പിന്നെ ഒരു ജീവിതം തനിക്ക് ആവശ്യമില്ല. ഒരു ചില്ലുപാത്രം പോലെ എറിഞ്ഞുടയ്ക്കണം.
കാത്തിരിപ്പിന് അവസാനമായി. വിവേക് വന്നു. നടക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുള്ളതുപോലെ തോന്നി. ചോദിക്കുന്നതിന് മുമ്പ് പറഞ്ഞു - “ആരോഗ്യത്തിന് അല്‍പ്പം പ്രശ്നമുണ്ട്... ഒരു കാല്‍ മുറിച്ചുമാറ്റി”. വിശ്വസിക്കാനായില്ല. നെഞ്ചില്‍ ഒരായിരം സൂര്യന്‍മാര്‍ പൊട്ടിത്തെറിച്ചു.
സ്നേഹ വിട്ടുപോയത് അതുകൊണ്ടാണ്. വിവേകിന് ഒരുകാല്‍ നഷ്ടപ്പെട്ടപ്പോള്‍ വിവേകുമായുള്ള ബന്ധവും സ്നേഹ മുറിച്ചുമാറ്റുകയായിരുന്നു. ഒരാലിംഗനം കൊണ്ട്, ഒരു ചുംബനം കൊണ്ട് വിവേകിനെ ആശ്വസിപ്പിക്കാന്‍ ജ്വാല കൊതിച്ചു.
“നിനക്ക് വേണ്ടത് എന്‍റെ മനസാണോ എന്‍റെ ശരീരമാണോ?” - വിവേക് ജ്വാലയോട് ചോദിച്ചു.