ഒളിച്ചോട്ടം - കഥ

വ്യാഴം, 4 ജൂണ്‍ 2009 (17:31 IST)
WDWD
സ്നേഹത്തോടെ എഴുതട്ടെ സുനില്‍,

നിന്റെ അഭിപ്രായത്തോട് എനിക്ക് യോജിക്കാന്‍ കഴിയില്ല. നേരത്തെ ഞാന്‍ നിനക്ക് ധാരാളം മുന്നറിയിപ്പു നല്‍‌കി. നീ അതെല്ലാം അവഗണിച്ചു. അല്ലെങ്കിലും മുന്നറിയിപ്പ് എന്നൊന്ന് നിന്റെ ഡിക്ഷനറിയിലില്ലല്ലോ.

പ്രേമിക്കണമെന്ന വാശിയാണ് നിനക്കെങ്കില്‍ നിന്റെ ജാതിയില്‍ പെട്ടവളെ മാത്രം മതിയായിരുന്നല്ലോ. അപ്പോള്‍ മനുഷ്യജാതിയില്‍ പെട്ടവളെ തന്നെയാണ് പ്രേമിച്ചതെന്ന് പറഞ്ഞ് നീ ന്യായീകരിച്ചേക്കാം. എന്തിനെയും വിമര്‍‌ശിക്കല്‍ നിനക്ക് കൂടെ പിറപ്പാണല്ലോ. അങ്ങനെയാണെങ്കില്‍ മറ്റൊരു ചോദ്യം ഞാനുന്നയിക്കുന്നു. അതായത് നിന്റെ മതത്തില്‍ പെട്ടവളെ പ്രേമിച്ചു കൂടായിരുന്നു. ഇപ്പോള്‍ നിന്റെ ആശയം ഓര്‍മ്മ വരുന്നു. നീ യുക്തിചിന്ത മനസ്സില്‍ താലോലിക്കുന്ന ആളാണല്ലോ. അതുകൊണ്ട് മതം നിനക്ക് പുല്ലായിരിക്കും. മതം മനുഷ്യന്‍ സൃഷ്ടിച്ചതാണെന്നോ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാര്‍ക്സിയന്‍ സിദ്ധാന്തമൊക്കെ പറഞ്ഞ് എതിര്‍വാദവുമായി എന്നെ തിരിച്ചടിക്കാന്‍ നോക്കണ്ട.

എടാ, മനുഷ്യനാണെങ്കില്‍ അല്‍‌പമൊക്കെ മതവിശ്വാസമൊക്കെ വേണം. നീ വലിയ യുക്തിവാദിയാണെങ്കില്‍ ഷാഹിനയെ എന്തിനാണ് പഴനിയില്‍ കൊണ്ടുപോയത്. തിരിച്ചു വന്ന ശേഷം നീ എഴുതിയ കത്തില്‍ അവളെ കുറിച്ച് സൂചിപ്പിച്ച സ്ഥലത്തെല്ലാം ‘കാവ്യ’ എന്ന പുതിയ പേരാണല്ലോ ചേര്‍ത്തത്. ആ കത്ത് വായിച്ച ശേഷം പഴയ കത്തും താരതമ്യം ചെയ്ത് പേരുമാറ്റത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ചോര്‍ത്താണ് ഞാനുറങ്ങിയത്.

നിങ്ങളെ കാണാതായ അന്നുതന്നെ ഞാന്‍ റജിസ്ട്രാറുടെ ഓഫിസിനു പുറത്തെ നോട്ടീസുകളില്‍ പോയി നോക്കി.

“എന്താണ് മുസ്ലിയാരെ, ആരെങ്കിലും ചാടിപ്പോയോ?”

ഉദ്യോഗസ്ഥന്റെ ചോദ്യം തമാശ രൂപത്തിലായിരുന്നെങ്കിലും എന്റെ കല്‍‌ബിലാണെടാ കൊണ്ടത്. നിന്റെ രജിസ്റ്റര്‍ മാര്യേജ് കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞെന്ന് ആ നോട്ടീസുകളിലൊന്ന് എന്നോട് പറഞ്ഞപ്പോള്‍ ഞാന്‍ നിന്റെ ബുദ്ധിയെ കുറിച്ചാണ് ഓര്‍ത്തത്. മകളെ കാണ്മാനില്ലെന്ന് കാണിച്ച് അവളുടെ അച്ഛന്‍ പോലീസില്‍ പരാതി നല്കിയപ്പോള്‍ ഇവിടുത്തെ പത്രക്കാര്‍ അഞ്ചു ദിവസം നീണ്ടുനിന്ന പരമ്പരയായി കേരളത്തെ ഒളിച്ചോട്ടത്തെ കുറിച്ച് എഴുതിയത് നീ വായിച്ചിരുന്നോ?

വീണ്ടും ചോദ്യത്തിലേക്ക് കടക്കട്ടെ. ഏതായാലും കഴിഞ്ഞതൊക്കെ കഴിഞ്ഞു. നിങ്ങളിലുണ്ടാകുന്ന സങ്കരയിനത്തെ എങ്ങനെയാണ് നിങ്ങള്‍ വളര്‍ത്തുക? ഞങ്ങളുടെ മക്കള്‍ പുസ്തകം കത്തിച്ച് പ്രതിഷേധിച്ചത് നീ മറന്നിട്ടുണ്ടവില്ല എന്നു തോന്നുന്നു. ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ ജീവന്റെ പോലെ ആക്കാനാണോ തീരുമാനം? അതുകൊണ്ട് മുന്നറിയിപ്പു തരികയാണ്. അതൊക്കെ തീരുമാനിച്ചതിന്റെ ശേഷം മതികേട്ടോ നിന്റെ വിക്രസുകളൊക്കെ. എനിക്കിതൊക്കെ ആലോചിച്ചിട്ട് യാതൊരു എത്തുംപിടിയും കിട്ടുന്നില്ല. ചിന്തക്ക് തീ പിടിച്ചപോലെയാണ്. ആളുകള്‍ എന്തൊക്കെയാണ് പറഞ്ഞു കൂട്ടുന്നതെന്ന് നീ അറിയുന്നുണ്ടോ?.

ഒരു പള്ളിയിലെ പാവം ഉസ്താദായ എന്നെ കരിവാരി തേക്കാന്‍ നീ കല്പിച്ചൂട്ടി ചെയ്ത വിക്രസാണെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. കാരണം നമ്മള്‍ ഒരുമിച്ച് നടക്കുന്നത് കണ്ണിപ്പിടിക്കാത്ത ഒരിപാടെണ്ണം ഇവിടെയുണ്ടല്ലോ? അവര്‍ക്കൊക്കെ നമ്മളാരാ മോനെന്ന വല്ല പിടിപാടുമുണ്ടോ? പണ്ട് എന്റെ ലൈലാക്ക് ഒരു എഴുത്ത് പുസ്തകത്തിനുള്ളിലാക്കി കൊടുത്ത് ഞമ്മെ സഹായിച്ച അന്നെ പെട്ടെന്ന് മറക്കാന്‍ പറ്റോന്ന് അനക്ക് തോന്നുന്നുണ്ടോ?

മാത്രല്ല അവളെ ഞമ്മക്ക് നിക്കാഹ് ചെയ്ത് തരില്ലാ എന്ന് പറഞ്ഞപ്പോളാണല്ലോ ഞാന്‍ പള്ളിയിലേക്ക് ദര്‍സിനുപോന്നത്. അന്നും എന്റെ കൂടെ നിന്ന ഒരേയൊരുത്തന്‍ നീ മാത്രമാണ്. പഴങ്കഥ പറഞ്ഞ് ഞാന്‍ ഇത് നീട്ടികൊണ്ടുപോകുന്നില്ല.എന്റെ ചോദ്യങ്ങള്ക്കെല്ലാം വ്യക്തമായ മറുപടി അയച്ചു തരണം. തര്‍ക്കുത്തരങ്ങളാകരുതെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നു.

പടച്ചോന്‍ നിന്നെ കാവലിനായി എപ്പോഴും ഉണ്ടാവട്ടെ എന്ന് അഞ്ച് നേരം പ്രാര്‍ത്ഥിക്കാറുണ്ട്. നിന്റെ പെണ്ണുങ്ങളോട് എന്റെ ബര്‍ത്തമാനമൊക്കെ പറയോണ്ടീം എന്ന് സൈദ് മുസ്ലിയാര്‍

NB: പിന്നെ മറ്റൊരു പ്രധാന കാര്യം. മറുപടി അയക്കുമ്പോള്‍ കവറിന് പുറത്ത് നിന്റെ അഡ്രസ്സ് എഴുതരുത്.

വെബ്ദുനിയ വായിക്കുക