അച്ഛന്‍ പ്രഗത്ഭനായ ഒരു നടന് ഇടയ്ക്കിടെ പണി കൊടുക്കുന്നുണ്ട്, അത് എനിക്കിഷ്ടമല്ല; ശ്രീനിവാസനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

വ്യാഴം, 28 ഒക്‌ടോബര്‍ 2021 (13:40 IST)
ഏറെ ആരാധകരുള്ള കുടുംബമാണ് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റേത്. മക്കളായ വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും സിനിമാ രംഗത്ത് ഇപ്പോള്‍ സജീവമാണ്. ശ്രീനിവാസന്റെ കുടുംബത്തിന്റെ പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ശ്രീനിവാസന്റെ ഒരു പ്രവൃത്തി തനിക്ക് ഇഷ്ടമല്ലെന്ന് മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. മലയാളത്തിലെ ഒരു പ്രഗത്ഭനായ നടന് അച്ഛന്‍ ഇടയ്ക്കിടെ പണികൊടുക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്നാണ് വിനീത് പറയുന്നത്. അക്കാലത്ത് മോഹന്‍ലാലുമായി ശ്രീനിവാസന് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. മോഹന്‍ലാലിനെ പരോക്ഷമായി പരാമര്‍ശിച്ച് തന്റെ ചില സിനിമകളില്‍ ശ്രീനിവാസന്‍ ട്രോളിയതും അക്കാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. 
 
'അച്ഛന്‍ ചെയ്യുന്നതൊക്കെ പൊതുവെ ഇഷ്ടമാണ്. ഇതിന്റെ ഇടയ്ക്ക് അച്ഛന്‍ മലയാളത്തിലുള്ള പ്രഗത്ഭനായ ഒരു നടന് ഇടയ്ക്കിടെ പണിയാറുണ്ട്. അതെനിക്ക് ഇഷ്ടമല്ല. ആ നടനെ എനിക്ക് പേഴ്‌സണലി ഭയങ്കര ഇഷ്ടമാണ്. പേഴ്‌സണലായിട്ടല്ല, ഒരു നല്ല ആക്ടര്‍ എന്ന നിലയില്‍ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോ അദ്ദേഹത്തിനിട്ട് പണിയുന്നത് എനിക്കത്ര സഹിക്കാന്‍ പറ്റില്ല. അച്ഛനോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അയാള്‍ക്ക് കുറച്ച് കണി ഇരിക്കുന്നത് നല്ലതാ എന്നാണ് അച്ഛന്‍ പറയാറ്,' വിനീത് ശ്രീനിവാസന്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്. 


ചെറുപ്പത്തില്‍ തനിക്ക് നവ്യ നായരോട് ഭയങ്കര ഇഷ്ടമായിരുന്നു എന്നും വിവാഹം കഴിക്കാന്‍ വരെ തോന്നിയിട്ടുണ്ടെന്നും ഈ അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നുണ്ട്. 
 
'പണ്ട് ശോഭനയെ ഇഷ്ടമായിരുന്നു. ഇപ്പോ നവ്യ നായരെ...ഇപ്പോ ഇല്ല. വെള്ളിത്തിര സിനിമയുടെ പോസ്റ്ററുകള്‍ കണ്ടപ്പോള്‍ നവ്യ നായരോടുള്ള ഇഷ്ടവും മതിയാക്കി. പൃഥ്വിരാജ് ലക്കി ആണെന്ന് തോന്നിയിട്ടുണ്ട് (വെള്ളിത്തിരയില്‍ നവ്യയുടെ നായകന്‍ പൃഥ്വിരാജാണ്). നവ്യ നായരെ കല്യാണം കഴിക്കാന്‍ തോന്നിയിട്ടുണ്ട്. കുറേ പേരോട് തോന്നിയിട്ടുണ്ട്. ഏട്ടനും ഉണ്ട്. ഏട്ടത്തിയായി മീരാ ജാസ്മിന്‍ വരുന്നതുകൊണ്ട് നിനക്ക് പ്രശ്‌നമുണ്ടോ എന്ന് ഏട്ടന്‍ എന്നോട് ചോദിച്ചിട്ടുണ്ട്,' എല്ലാവരെയും ചിരിപ്പിച്ച ധ്യാന്‍ ശ്രീനിവാസന്റെ വാക്കുകള്‍ ഇതാണ്. 

മീരാ ജാസ്മിനോട് ഇഷ്ടം തോന്നിയത് ചെറുപ്പത്തില്‍ ആണെന്നും ഏട്ടത്തിയായി മീരാ ജാസ്മിന്‍ വരുന്നതില്‍ പ്രശ്‌നമുണ്ടോ എന്ന് ധ്യാനിനോട് ചോദിച്ചത് തമാശയ്ക്ക് ആണെന്നും വിനീത് ശ്രീനിവാസന്‍ ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍