2010 ജൂലൈ 16 ന് ഒരു സിനിമ തിയറ്ററുകളിലെത്തുന്നു. വലിയ താരങ്ങളൊന്നും ഇല്ലാത്ത സിനിമ. പുതുമുഖങ്ങളാണ് അഭിനേതാക്കളില്‍ ഭൂരിഭാഗം പേരും. വിനീത് ശ്രീനിവസനാണ് സംവിധാനം. പ്രേക്ഷകര്‍ക്ക് അത്ര വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. പേരില്‍ തന്നെ വ്യത്യസ്തതയുള്ള ചിത്രം. 'മലര്‍വാടി ആര്‍ട്‌സ് ക്ലബ്' എന്നാണ് സിനിമയുടെ പേര്. ഒടുവില്‍ എല്ലാവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി സിനിമ വമ്പന്‍ ഹിറ്റായി. നിവിന്‍ പോളിയുടെയും അജു വര്‍ഗീസിന്റെയും സിനിമ കരിയറില്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബിനുള്ള പങ്ക് വളരെ വലുതാണ്.
തിയറ്ററുകളിലും മിനിസ്‌ക്രീനിലും മലര്‍വാടി ആര്‍ട്‌സ് ക്ലബ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. മലര്‍വാടി ആര്‍ട്‌സ് ക്ലബ് തിയറ്ററുകളിലെത്തിയിട്ട് ഇന്നേക്ക് 11 വര്‍ഷമായി. സൂപ്പര്‍ഹിറ്റ് സിനിമയുടെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വിസ്മരിക്കാന്‍ സാധിക്കാത്ത ഒരു പേരുണ്ട്. സാക്ഷാല്‍ ദിലീപ് തന്നെ. മലര്‍വാടി ആര്‍ട്‌സ് ക്ലബ് നിര്‍മിച്ചത് ദിലീപാണ്. വിതരണ കമ്പനിയും ദിലീപിന്റെ ഉടമസ്ഥതയില്‍ തന്നെ ആയിരുന്നു. അക്കാലത്ത് പുതുമുഖങ്ങളെ വച്ച് പരീക്ഷിച്ച് സിനിമ വിജയിച്ചതില്‍ ദിലീപ് ഒട്ടേറെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. പുതുമുഖങ്ങളെ ദിലീപ് വിശ്വാസത്തിലെടുത്തതാണ് മലര്‍വാടി ആര്‍ട്‌സ് ക്ലബ് പോലെ ഒരു സിനിമ പുറത്തിറങ്ങാന്‍ തന്നെ കാരണം. സിനിമയിലെ പാട്ടുകളും വലിയ ഹിറ്റായിരുന്നു.