അന്ന് ഞങ്ങൾക്ക് കിട്ടിയ സ്വാതന്ത്ര്യം ഇന്നത്തെ പെൺകുട്ടികൾക്കില്ല: കാരണം പറഞ്ഞ് സുഹാസിനി

നിഹാരിക കെ.എസ്

വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (08:56 IST)
തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയ നായികമാരിലൊരാളാണ് സുഹാസിനി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ സുഹാസിനി അഭിനയിച്ചിട്ടുണ്ട്. നടി എന്നതിനു പുറമേ സംവിധായിക, തിരക്കഥാകൃത്ത് എന്നീ നിലകളിലും സുഹാസിനി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. ഇപ്പോഴിതാ തനിക്ക് ലഭിച്ച സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി.
 
തനിക്ക് ഇരുപത് വയസിൽ ലഭിച്ച സ്വാതന്ത്ര്യം ഇപ്പോൾ ഇരുപത് വയസുള്ള പെൺകുട്ടികൾക്ക് ലഭിക്കുന്നില്ല എന്ന് പറഞ്ഞ സുഹാസിനി, പെൺകുട്ടികൾ അഭിപ്രായം പറഞ്ഞാൽ അവരെ ട്രോൾ ചെയ്തു കൊല്ലുമെന്നും കൂട്ടിചേർത്തു. സഭ ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സുഹാസിനിയുടെ തുറന്നുപറച്ചിൽ.
 
"ഇരുപത് വയസിൽ എനിക്ക് കിട്ടിയ സ്വാതന്ത്ര്യം ഇപ്പോഴത്തെ ഇരുപത് വയസുള്ള പെൺകുട്ടികൾക്കില്ല. അഭിപ്രായം പറയാൻ അവർക്ക് സ്വാതന്ത്ര്യമില്ല. അവർ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അവരെ ട്രോൾ ചെയ്ത് കൊല്ലും. ഞങ്ങൾക്കങ്ങനെ ആയിരുന്നില്ല. രേവതി, നദിയ തുടങ്ങി ഞങ്ങൾക്ക് അഭിപ്രായം പറയാൻ ഒരു പ്ലാറ്റ്ഫോം ഉണ്ടായിരുന്നു. ഇപ്പോഴതില്ല എന്ത് പറഞ്ഞാലും തെറ്റ് കണ്ടെത്താനാണ് ശ്രമിക്കുന്നത്. കാലം എന്താണ് ചെയ്തത്, കാലം ഒരു ഇല്യൂഷൻ ആണ്." സുഹാസിനി പറഞ്ഞു.
 
സിനിമയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി, ഇത് കേരളത്തിലോ തമിഴ്നാട്ടിലോ ഇന്ത്യയിലോ ഉള്ള പ്രശ്നമല്ലെന്നും ലോകമെമ്പാടുമുള്ള പ്രശ്നമാണെന്നും സുഹാസിനി പറഞ്ഞു. സ്ത്രീകൾക്ക് പുരോ​ഗതി ഉണ്ടാകുമ്പോൾ അവർ പ്രശ്നങ്ങളെ നേരിടേണ്ടി വരുമെന്നും ലൈൻ ക്രോസ് ചെയ്യുമ്പോൾ ട്രോളിങ്ങും അബ്യൂസുമെല്ലാം ഉണ്ടാകുമെന്നും സുഹാസിനി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍