'നിന്നെ മലയാള സിനിമ ചെയ്യാന്‍ സമ്മതിക്കില്ല'; ബി.ഉണ്ണികൃഷ്ണന്‍ വെല്ലുവിളിച്ചു, ഒടുവില്‍ തന്റെ പടം നിര്‍ത്തിച്ചെന്ന് സാന്ദ്രാ തോമസ്

രേണുക വേണു

ഞായര്‍, 26 ജനുവരി 2025 (10:27 IST)
B Unnikrishnan and Sandra Thomas

ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി.ഉണ്ണികൃഷ്ണനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ബി.ഉണ്ണികൃഷ്ണന്‍ തന്നെ പലപ്പോഴും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും മലയാള സിനിമയിലെ മിക്ക പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ ഉണ്ണികൃഷ്ണന്‍ ഉണ്ടാകുമെന്നും സാന്ദ്ര പറഞ്ഞു. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു സാന്ദ്ര. 
 
' ഒരിക്കല്‍ ഞാന്‍ നിര്‍മിക്കുന്ന സിനിമയുടെ സെറ്റില്‍ വെച്ച് അതിലെ ഒരു ജീവനക്കാരനുമായി വാക്കുതര്‍ക്കം ഉണ്ടായി. പ്രതിഫലമായി ഞാന്‍ ചെക്ക് കൊടുത്തപ്പോള്‍ പണമായി തന്നെ ലഭിക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. ചെക്ക് എന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു. 'പണമായി തരാം, ചേട്ടന്‍ നാളെ മുതല്‍ എന്റെ സിനിമയില്‍ വര്‍ക്ക് ചെയ്യേണ്ട' എന്നുപറഞ്ഞ് അയാളെ ഒഴിവാക്കി. പിന്നീട് അത് വലിയ പ്രശ്‌നമായി. ഇയാളെ തിരിച്ചെടുക്കാതെ ഷൂട്ടിങ് മുന്നോട്ടു പോകില്ലെന്ന അവസ്ഥയായി. ഫെഫ്കയൊക്കെ ഇടപെട്ടു. പുള്ളിയെ തിരിച്ചെടുക്കണമെന്ന് ഉണ്ണികൃഷ്ണന്‍ വിളിച്ചുപറഞ്ഞു. ഫോണിലൂടെ ഭീഷണിപ്പെടുത്തുന്ന വിധമാണ് സംസാരിച്ചത്. ഒരിക്കല്‍ ഫിലിം ചേംബറില്‍ വെച്ചും 'നിന്നെ ഞാന്‍ മലയാള സിനിമ ചെയ്യാന്‍ സമ്മതിക്കില്ല' എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞിട്ടുണ്ട്. പറഞ്ഞപോലെ തന്നെ ഫെഫ്ക ഇടപെട്ട് ഞാന്‍ നിര്‍മിച്ചുകൊണ്ടിരുന്ന ടൊവിനോ തോമസ് ചിത്രം എടക്കാട് ബറ്റാലിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിര്‍ത്തിവെപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിര്‍ത്തിയതിനു കാരണം ചോദിച്ചപ്പോള്‍ ഈ സിനിമയില്‍ ഇനി വര്‍ക്ക് ചെയ്യരുതെന്ന് ഫെഫ്കയില്‍ നിന്ന് നിര്‍ദേശമുണ്ടെന്നാണ് എന്റെ എഡിറ്റര്‍ അന്നു തന്ന മറുപടി,' സാന്ദ്ര പറഞ്ഞു. 
 
സംവിധാനത്തേക്കാള്‍ ഉണ്ണികൃഷ്ണനു ചേരുന്നത് അഭിനയമാണെന്നും സാന്ദ്ര പരിഹസിച്ചു. ഞാനുമായി ഒപ്പമിരുന്ന് സംസാരിച്ചിട്ടില്ലെന്നാണ് അദ്ദേഹം മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. ഒന്നിലേറെ തവണ അദ്ദേഹം നേരിട്ട് എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഒന്നിച്ച് ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് പറയുമ്പോള്‍ അത് അദ്ദേഹത്തിന്റെ ഓര്‍മക്കുറവിന്റെ പ്രശ്‌നമായിരിക്കുമെന്ന് മാത്രമേ പറയാനുള്ളൂവെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍