സല്‍മാന്‍ഖാന് സംസാരം ആരോഗ്യത്തിന് ഹാനികരം; അതുകൊണ്ട് സല്ലു മിണ്ടാട്ടം കുറച്ചു

വെള്ളി, 24 ജൂണ്‍ 2016 (15:20 IST)
'ബലാത്സംഗ ഇര' പരാമര്‍ശം നടത്തി പുലിവാല് പിടിച്ചതോടെ സംസാരം ആരോഗ്യത്തിന് ഹാനികരമാണെന്ന കണ്ടെത്തലിലാണ് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. താന്‍ എന്തു പറഞ്ഞാലും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതിനാല്‍ ഇനി സംസാരം കുറയ്ക്കാനാണ് തന്റെ തീരുമാനമെന്ന് സല്ലു വ്യക്തമാക്കികഴിഞ്ഞു.
 
റംസാന്‍ റിലീസിന് ഒരുങ്ങുന്ന സിനിമ ‘സുല്‍ത്താനു’മായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു വിവാദപ്രസ്താവന. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ താന്‍ ബലാത്സംഗ ഇരയെപ്പോലെ അവശനായിരുന്നെന്നായിരുന്നു സല്‍മാന്റെ പ്രസ്താവന.
 
സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നവമാധ്യമങ്ങളില്‍ ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സംഭവം വിവാദമായതോടെ പരാമര്‍ശം പിന്‍വലിച്ച് ഒരു ദിവസത്തിനുള്ളില്‍ സല്‍മാന്‍ മാപ്പു പറയണമെന്നും 29ന് നേരിട്ട് ഹാജരാകണമെന്നും വനിതാ കമ്മീഷന്‍ സല്‍മാന്‍ഖാനോട് ആവശ്യപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക