ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോക ഇൻഡസ്ട്രി ഹിറ്റായി മാറിയതോടെ ചിത്രത്തിന്റെ വിജയത്തിൽ ക്രഡിറ്റ് അർഹിക്കുന്നവർ നിരവധി പേരുണ്ടെന്ന വാദം സോഷ്യൽ മീഡിയയിൽ ഉയർന്നു. പാർവതി തിരുവോത്ത്, ദർശന രാജേന്ദ്രൻ തുടങ്ങിയവർക്ക് കൂടി ഈ വിജയത്തിൽ പങ്കുണ്ടെന്ന നൈല ഉഷയുടെ പോസ്റ്റ് ആയിരുന്നു ഇത്തരം ചർച്ചകൾക്കെല്ലാം തുടക്കം കുറിച്ചത്.
പിന്നാലെ, സിനിമയുടെ വിജയത്തിൽ പൂർണമായും ക്രെഡിറ്റ് നിർമാതാവ് ദുൽഖർ സൽമാനും ടീമിനും ആണെന്ന വാദവും സോഷ്യൽ മീഡിയയിൽ ശക്തമായി. തിരക്കഥാകൃത്ത് ശാന്തിയും, നസ്ലിൻ, കല്യാണി തുടങ്ങിയവരും ക്രെഡിറ്റ് ദുൽഖറിന് ആണെന്ന് പറഞ്ഞിരുന്നു. ഇതിനെല്ലാം പിന്നാലെ കഴിഞ്ഞ ദിവസം ലോകയുടെ വിജയത്തിന് സ്‌പേസ് ഉണ്ടാക്കിയത് നമ്മളാണെന്ന് റിമ കല്ലിങ്കലും അവകാശപ്പെട്ടു. സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായി.
ഇപ്പോഴിതാ, ലോകയുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ ആളുകൾ കൂടുന്ന സാഹചര്യത്തിൽ നടൻ രൂപേഷ് പീതാംബരന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട് ആണെന്ന് രൂപേഷ് ചോദിക്കുന്നു. ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ എന്നും രൂപേഷ് ചോദിക്കുന്നു.
'പ്രമുഖ നടി പറയുന്നു, അവരും അവരുടെ സംഘത്തിന്റെ പരിശ്രമം കൊണ്ടാണ് ഈ സ്ത്രീകേന്ദ്രിത സിനിമ ഒരു വൻ വിജയം നേടിയതെന്ന്. മറ്റൊരു പ്രമുഖ നിർമ്മാതാവ് പറയുന്നു, ഈ സിനിമയുടെ വിജയം പൂർണമായും ഇതിന്റെ നിർമാതാവിന്റ ആണെന്ന്. മീഡിയകൾ എല്ലാം പറയുന്നു, ഈ സ്ത്രീകേന്ദ്രിത സിനിമ കോടികളുടെ ക്ലബ്ബിൽ എത്തിയത് നായികയുടെ വിജയമാണെന്ന്.
എല്ലാം ശരി, അതെല്ലാം നമ്മുക്ക് അംഗീകരിക്കാം. പക്ഷേ, ഇതെല്ലാം നടക്കുമ്പോൾ, ഈ സിനിമ എഴുതി സംവിധാനം ചെയ്ത ആ വ്യക്തിയെ കുറിച്ച് ആരും ഒന്നും പറയാത്തത് എന്തുകൊണ്ട്? ആ സംവിധായകൻ ഈ കഥ എഴുതിയില്ലായിരുന്നെങ്കിൽ, ഈ സിനിമ തന്നെ ഉണ്ടാകുമോ? . ഫാൻസ് അസോസിയേഷന്റെ ശ്രദ്ധയ്ക്ക് — രോഷം കൊള്ളേണ്ട, ഞാൻ സിനിമയെ കുറിച്ച് നല്ലതാ പറഞ്ഞത്', രൂപേഷ് ഫേസ്‌ബുക്കിൽ കുറിച്ചു.