സിഐഡി മൂസയും തുറുപ്പു ഗുലാനുമൊക്കെ ആര്‍ക്കാണ് മറക്കാനാവുക? ജോണി ആന്റണിയെ അഭിനന്ദിച്ച് ഋഷിരാജ് സിംഗ്

കെ ആര്‍ അനൂപ്

ബുധന്‍, 1 സെപ്‌റ്റംബര്‍ 2021 (09:06 IST)
വേറിട്ട അഭിനയ ശൈലിയിലൂടെ പ്രേക്ഷകരെ എന്നും രസിപ്പിക്കാനുള്ള നടനും സംവിധായകനുമാണ് ജോണി ആന്റണി. മുന്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ധാരാളം മലയാളം സിനിമകള്‍ കാണാറുള്ള വ്യക്തി കൂടിയാണ് ഋഷിരാജ് സിംഗ്.ജോണി ആന്റണിയെ വിളിച്ചാണ് അഭിനന്ദനം അറിയിച്ചിരിക്കുന്നത്.മുന്നോട്ടുള്ള യാത്രയ്ക്ക് ഏറെ പ്രചോദനമാവും അദ്ദേഹത്തിന്റെ വാക്കുകള്‍ എന്ന് പറഞ്ഞുകൊണ്ട് ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍.
 
 ജോണി ആന്റണിയുടെ വാക്കുകളിലേക്ക് 
 
'വരനെ ആവശ്യമുണ്ട്, ഹോം എന്നീ സിനിമകള്‍ കഴിഞ്ഞു അഭിനന്ദനം അറിയിച്ച് ഒരുപാട് കോളുകളും മെസ്സേജുകളും വന്നിട്ടുണ്ട്. ഒട്ടും പ്രതീഷിക്കാത്ത ഒരു കോള്‍ ആയിരുന്നു ഇപ്പൊ വന്നത്. ഒരു മെസ്സേജ് എനിക്ക് വന്നു, തിരിച്ചു വിളിക്കുമോ എന്ന് ചോദിച്ച്. നോക്കിയപ്പോള്‍ ഋഷിരാജ് സിങ് സാര്‍ ആണ്. ചെറുപ്പം മുതലേ ഞാന്‍ വീരാരാധനയോട് കണ്ടിരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. 
 
എന്തായാലും ഒരു പൊലീസ് സിനിമ ചെയ്യുമ്പോള്‍ ആരാണ് റോള്‍ മോഡല്‍ എന്ന് ചോദിച്ചാല്‍ ഏതു സംവിധായകന്റെയും മനസ്സില്‍ പെട്ടെന്ന് വരിക ഋഷിരാജ് സിങ് സാര്‍ ആയിരിക്കും എന്നു പറയുന്ന പോലെ, എനിക്കും ആ ആരാധന എന്നും ഉണ്ടായിരുന്നു. എന്തായാലും അദ്ദേഹം എന്റെ സിനിമകളൊക്കെ കണ്ടിട്ടുണ്ട്, ആക്റ്റിങ് നന്നായി, ഞാന്‍ ഡയറക്ട് ചെയ്ത സിനിമകളൊക്കെ അദ്ദേഹം കണ്ടിട്ടുണ്ട് എന്ന് അദ്ദേഹം വിളിച്ചപ്പോഴാണ് ഞാന്‍ അറിഞ്ഞത്. 
അദ്ദേഹം എനിക്കൊരു മെസ്സേജും പാസ് ചെയ്തു. അത് ഞാന്‍ ഇതോടൊപ്പം പോസ്റ്റ് ചെയ്യൂകയാണ്. എന്തായാലും സാര്‍ ഒരുപാട് നന്ദി.. സാറിനെപ്പോലുള്ളവരുടെ വാക്കുകള്‍ എനിക്ക് മുന്നോട്ടുള്ള യാത്രക്ക് ഒരുപാട് പ്രചോദനം ആകും. ഒത്തിരി സന്തോഷം സര്‍.. ബിഗ് സല്യൂട്ട്'
 
ഋഷിരാജ് സിംഗ് ജോണി ആന്റണിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ 
 
പ്രിയ ജോണി ആന്റണി, എനിക്ക് നിങ്ങളുടെ അഭിനയം, പ്രത്യേകിച്ച് നിങ്ങളുടെ ഡയലോഗ് ഡെലിവറി വളരെ ഇഷ്ടമാണ്. ശിക്കാരിശംഭു, ഡ്രാമ, വരനെ ആവശ്യമുണ്ട്, ഗാനഗന്ധര്‍വ്വന്‍, ജോസഫ്, ഹോം തുടങ്ങി നിങ്ങളുടെ എല്ലാ ചിത്രങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. ഡയലോഗ് ഡെലിവറിയാണ് നിങ്ങളുടെ അഭിനയത്തിലെ ഏറ്റവും ആകര്‍ഷകമായ കാര്യം. 
 
മുന്‍പ് സംവിധായകന്‍ എന്ന നിലയിലും നിങ്ങള്‍ ഞങ്ങളെ രസിപ്പിച്ചിട്ടുണ്ട്. സിഐഡി മൂസയും തോപ്പില്‍ ജോപ്പനും തുറുപ്പു ഗുലാനുമൊക്കെ ആര്‍ക്കാണ് മറക്കാനാവുക? മലയാള സിനിമയില്‍ ആദ്യമായി നിങ്ങളാണ് മമ്മൂട്ടി സാറിനെ നൃത്തം ചെയ്യിപ്പിച്ചതെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ബ്രില്യന്റ്! നിങ്ങളുടെ വരാനിരിക്കുന്ന സിനിമകള്‍ക്കുവേണ്ടി കാത്തിരിക്കുന്നു. ഇത് തുടരുക ജോണി, ഋഷിരാജ് സിംഗ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍