പെരിയാറിനെ അപമാനിച്ചതായി രജിനികാന്തിനെതിരെ പരാതി, താരം നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യം

അഭിറാം മനോഹർ

ശനി, 18 ജനുവരി 2020 (14:29 IST)
സാമൂഹിക പരിഷ്‌കര്‍ത്താവ് 'പെരിയാര്‍' ഇ.വി. രാമസാമിയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന് ആരോപിച്ച് നടന്‍ രജിനികാന്തിനെതിരെ പോലീസിൽ പരാതി. ജനുവരി 14ന് ചെന്നൈയില്‍ നടന്ന തമിഴ് മാസിക തുഗ്ലക്കിന്റെ അമ്പതാം വാര്‍ഷിക സമ്മേളനത്തില്‍ രജിനികാന്ത് നടത്തിയ പ്രസംഗത്തിൽ പെരിയാറിനെതിരെ തെറ്റായ പ്രചാരണം നടത്തിയെന്നാണ് ആരോപണം. തമിഴ്നാട്ടിലെ ദ്രാവിഡര്‍ വിടുതലൈ കഴകം (ഡി.വി.കെ.) പ്രസിഡന്റ് കൊളത്തൂര്‍ മണിയാണ് രജിനികാന്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുന്നത്.
 
14ന് ചെന്നൈയില്‍ നടന്ന തമിഴ് മാസിക തുഗ്ലക്കിന്റെ അമ്പതാം വാര്‍ഷിക സമ്മേളനത്തില്ലെ പ്രസംഗത്തിൽ 1971ൽ സേലത്ത് പെരിയാർ സംഘടിപ്പിച്ച റാലിയിൽ ശ്രീരാമന്റെയും സീതയുടെയും നഗ്നചിത്രങ്ങൾ ചെരിപ്പുമാലയിട്ട് ഉപയോഗിച്ചുവെന്നും എന്നാൽ ഈ വാർത്ത അന്നത്തെ ഒരു പ്രസിദ്ധീകരണങ്ങളും നൽകിയില്ലെന്നും ചോ രാമസ്വാമി മാത്രമാണ് വാർത്ത അദ്ദേഹത്തിന്റെ തുഗ്ലക്കിൽ വാർത്തനൽകിയതെന്നും സംഭവത്തിൽ തുഗ്ലക്ക് മാത്രമാണ് വിമർശനം ഉന്നയിച്ചതെന്നുമായിരുന്നു രജിനികാന്തിന്റെ വാക്കുകൾ.
 
എന്നാൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് രജിനി പറയുന്നതെന്ന് കൊളത്തൂർ മണി ആരോപിച്ചു. ബിജെപിയുടെ ആഗ്രഹപൂർത്തീകരണത്തിന് വേണ്ടി പെരിയാറിന്റെ യശസ്സിനെ താറടിക്കാനുള്ള ഗൂഢശ്രമമാണ് രജിനികാന്ത് നടത്തുന്നതെന്നും ഇത്തരം പരാമർശങ്ങൾ തങ്ങൾക്ക് സഹിക്കുന്നതിനും അപ്പുറമാണെന്നും മണി കൂട്ടിച്ചേർത്തു. സംഭവത്തിൽ രജിനികാന്ത് നിരുപാധികമായി മാപ്പ് പറയണമെന്നും മണി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍