തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ കമല്‍ഹാസനും രജനീകാന്തും നീണ്ട 40 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നുവെന്ന വാര്‍ത്ത ഏറെ ആഹ്‌ളാദത്തോടെയാണ് സിനിമ ആരാധകര്‍ സ്വീകരിച്ചത്. തമിഴകത്തെ വമ്പന്‍ താരങ്ങള്‍ ഒരുമിച്ചെത്തുമ്പോള്‍ ആരായിരിക്കും സിനിമ ഒരുക്കുക എന്ന ചര്‍ച്ചയാണ് ആരാധകര്‍ക്കിടയില്‍ പ്രധാനമായും ഉയര്‍ന്നത്. കൂലിയും വിക്രമും ഒരുക്കിയ ലോകേഷ് കനകരാജായിരിക്കും സിനിമ സംവിധാനം ചെയ്യുക എന്നായിരുന്നു ആദ്യം വന്ന റിപോര്‍ട്ടുകള്‍. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജയിലര്‍ സംവിധായകനായ നെല്‍സണ്‍ ദിലീപ് കുമാറാകും തലൈവര്‍- ആണ്ടവര്‍ സിനിമ സംവിധാനം ചെയ്യുക.
	 
	എല്ലാ കഥകളും ഡാര്‍ക്ക് കോമഡി രൂപത്തില്‍ പറയുന്ന നെല്‍സണിന്റെ സംവിധാനശൈലിയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇതേരീതിയില്‍ രജിനികാന്തിനൊപ്പം ചെയ്ത ജയിലര്‍ തമിഴകത്ത് വലിയ വിജയമായിരുന്നു. രജിനി- കമല്‍ സിനിമയിലും ഇതേ രീതിയാകുമോ നെല്‍സണ്‍ പിന്തുടരുക എന്ന് വ്യക്തമല്ല. അതേസമയം ഒരുമിച്ച് സിനിമ ചെയ്യുന്നു എന്നതല്ലാതെ സിനിമയുടെ കഥ, മറ്റ് കാര്യങ്ങള്‍ എന്നതിലൊന്നും ഇതുവരെയും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.എത്രയും പെട്ടെന്ന് സൂപ്പര്‍ താരങ്ങള്‍ക്കുള്ള കഥയും തിരക്കഥയും ഫിക്‌സ് ആയി പ്രൊജക്റ്റ് ഓണ്‍ ആകാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 1979ല്‍ പുറത്തിറങ്ങിയ നിനൈത്താലെ ഇനിക്കും എന്ന സിനിമയിലാണ് രജിനികാന്തും കമല്‍ഹാസനും അവസാനമായി ഒന്നിച്ചഭിനയിച്ചത്.