മോഹന്‍ലാല്‍ പക്കാ രാഷ്ട്രീയക്കാരന്‍, പൃഥ്വിയുടെ പൊലീസ്ബുദ്ധിക്ക് വഴങ്ങുമോ?!

ചൊവ്വ, 14 ഓഗസ്റ്റ് 2018 (13:24 IST)
മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫര്‍ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ മോഹന്‍ലാല്‍ ചാണക്യതന്ത്രങ്ങള്‍ പയറ്റുന്ന ഒരു രാഷ്ട്രീയക്കാരനായാണ് അഭിനയിക്കുന്നത്. ഈ സിനിമയില്‍ പൃഥ്വിരാജും ഒരു വേഷം ചെയ്യുന്നുണ്ട് എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.
 
ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് പൃഥ്വി ലൂസിഫറില്‍ അഭിനയിക്കുന്നത്. ലൂസിഫറില്‍ അഭിനയിക്കേണ്ടെന്നും സംവിധാനം മാത്രം ചെയ്താല്‍ മതിയെന്നുമായിരുന്നു പൃഥ്വിയുടെ നേരത്തേയുള്ള തീര്‍റ്റുമാനം. എന്നാല്‍ ആ തീരുമാനം മാറുന്നത് ശക്തമായ ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അനുയോജ്യനായ മറ്റൊരു താരത്തെ ലഭിക്കാതിരുന്നപ്പോഴാണ്. പൃഥ്വി തന്നെ ഈ റോള്‍ ചെയ്താല്‍ മതിയെന്ന് ഏവരും നിര്‍ബന്ധിക്കുകകൂടി ചെയ്തപ്പോള്‍ അദ്ദേഹം അതിന് വഴങ്ങുകയായിരുന്നു.
 
മോഹന്‍ലാല്‍ എന്ന രാഷ്ട്രീയക്കാരനെ വരുതിക്ക് നിര്‍ത്താന്‍ ശ്രമിക്കുന്ന പൊലീസ് ഓഫീസറായാണ് പൃഥ്വി ഈ സിനിമയില്‍ അഭിനയിക്കുന്നതത്രേ. മോഹന്‍ലാലും പൃഥ്വിരാജും സ്ക്രീനില്‍ ഒരുമിക്കുന്നത് ഇതാദ്യമായാണ്.
 
വിവേക് ഒബ്‌റോയിയാണ് ചിത്രത്തിലെ വില്ലന്‍. ടോവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, ഫാസില്‍ തുടങ്ങിയവരാണ് ലൂസിഫറിലെ മറ്റ് പ്രധാന താരങ്ങള്‍. ഇടുക്കിയില്‍ നിന്ന് ചിത്രീകരണം തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരുമാസത്തോളം ഷൂട്ടിംഗ് ഉണ്ടാകും. 
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍