സത്യന്‍ അന്തിക്കാടിനൊപ്പം മകള്‍ എന്ന സിനിമ ചെയ്ത ശേഷം ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് ജയറാമിന്റേതായി ഒരു മലയാള സിനിമ റിലീസിനെത്തുന്നത്. തമിഴ്,തെലുങ്ക്,കന്നഡ തുടങ്ങിയ അന്യഭാഷകളില്‍ സജീവമാണെങ്കിലും മലയാളത്തില്‍ അഭിനയിക്കുകയാണെങ്കില്‍ അഭിനേതാവെന്ന രീതിയില്‍ തനിക്ക് ഗുണമുള്ള വേഷങ്ങളില്‍ മാത്രമായിരിക്കുമെന്നുള്ള തീരുമാനമാണ് ജയറാമിന്റെ ഒരു മലയാള സിനിമ റിലീസാകുന്നതില്‍ ഇത്രയും വൈകിപ്പിച്ചത്.
ഇപ്പോഴിതാ ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജയറാം ഒരു മലയാളചിത്രത്തില്‍ നായകനായി എത്തുകയാണ്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലറെന്ന മെഡിക്കല്‍ ത്രില്ലറില്‍ വേറിട്ട ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. അഞ്ചാം പാതിര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മിഥുന്‍ ചെയ്യുന്ന സിനിമ എന്ന രീതിയിലും വലിയ പ്രതീക്ഷയാണ് ഓസ്ലറിന് മുകളിലുള്ളത്. അതേസമയം തെലുങ്കില്‍ മഹേഷ് ബാബുവിനൊപ്പമുള്ള ഗുണ്ടൂര്‍ കാരവും ഈ ആഴ്ച തന്നെ റിലീസുണ്ട്. ജനുവരി 11നാണ് ഓസ്ലര്‍ റിലീസെങ്കില്‍ ജനുവരി 12നാണ് ഗുണ്ടൂര്‍ കാരം റിലീസ് ചെയ്യുന്നത്.
അലാ വൈകുണ്ടപുരം ലോ എന്ന സിനിമയ്ക്ക് ശേഷം ത്രിവിക്രം ഒരുക്കുന്ന ചിത്രമാണ് ഗുണ്ടൂര്‍ കാരം. വൈകുണ്ടപുരത്തിന് ശേഷം ത്രിവിക്രത്തിനൊപ്പം ജയറാം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാനവേഷം തന്നെയാണ് താരത്തിനുള്ളത്. വമ്പന്‍ ഹൈപ്പുള്ള രണ്ട് ഭാഷകളിലുള്ള ചിത്രങ്ങളാണ് അടുത്തടുത്ത ദിവസങ്ങളിലായി ജയറാമിന്റേതായി പുറത്തിറങ്ങുക. രണ്ട് ചിത്രങ്ങളും തന്നെ ബോക്‌സോഫീസിലും വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.