ഒരുകാലത്ത് മലയാളത്തിലെ സെൻസേഷണൽ നടനാണ് നരേൻ. മലയാളത്തിന് പുറമെ തമിഴിലും നരേൻ കൈയ്യടി വാങ്ങിയിട്ടുണ്ട്. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച നരേനിലെ നടനെ ഒരുപക്ഷെ കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് തമിഴ് സിനിമകളാകും. മലയാളത്തില്‍ നിന്നും തമിഴിലേക്ക് ചുവടുമാറ്റാന്‍ ശ്രമിച്ചതാണ് തന്റെ മലയാളം കരിയറില്‍ നീണ്ട ഇടവേളകള്‍ വരാന്‍ കാരണം എന്നാണ് നരേന്‍ പറയുന്നത്.
തമിഴിലേക്ക് ഷിഫ്റ്റ് ചെയ്തതു കൊണ്ടുള്ള പ്രശ്‌നങ്ങളായിരുന്നുവോ മലയാളത്തില്‍ സംഭവിച്ചത്? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. കുടുംബം മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നരേന്‍ മനസ് തുറന്നത്. തീര്‍ച്ചയായും അത് തന്നെയാണ് സംഭവിച്ചതെന്നാണ് താരം പറയുന്നത്. തനിക്ക് തമിഴിനോടാണ് കൂടുതല്‍ താല്‍പര്യം എന്നൊരു സംസാരം മലയാള സിനിമയിലുണ്ടായെന്നും അത് ദോഷമായി ഭവിച്ചുവെന്നുമാണ് നരേന്‍ പറയുന്നത്.
''എല്ലാവരും ഒരു ഇന്‍ഡസ്ട്രിയില്‍ തുടങ്ങി അതില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ച് മാര്‍ക്കറ്റ് ഉണ്ടാക്കിയ ശേഷമാണ് മറ്റ് ഭാഷകള്‍ നോക്കുക. ഇവിടെ എല്ലാ നടന്മാരും മിനിമ പത്തോ പതിനഞ്ചോ ചിത്രങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് മറ്റ് ഭാഷകളിലേക്ക് പോയിട്ടുള്ളത്. ഞാന്‍ രണ്ടാമത്തെ പടം റിലീസാകും മുമ്പു തന്നെ തമിഴിലേക്ക് പോയി'' നരേന്‍ പറയുന്നു.
''എന്റെ ആദ്യ തമിഴ് പടം 125 ദിവസം ഓടി. അത് വിജയിച്ചതു കൊണ്ടാണ് വീണ്ടും തമിഴില്‍ പടങ്ങള്‍ ലഭിച്ചത്. അന്നത്തെ അവസ്ഥയില്‍ മലയാളിയായ എനിക്ക് പിന്നെ ചാന്‍സ് ലഭിച്ചു കൊള്ളണമെന്നില്ല. അന്ന് എനിക്കു വന്ന പല നല്ല മലയാളം പടങ്ങളും ഒഴിവാക്കി. ഇതൊക്കെ മലയാളത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമായിരിക്കാം. എന്നാല്‍ തമിഴില്‍ എന്റെ പല ചിത്രങ്ങള്‍ക്കും നിര്‍മാണ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. നാല് മാസം കൊണ്ട് തീരേണ്ട പടം പത്ത് മാസം ഒക്കെ എടുത്തു. ആദ്യ തമിഴ് ചിത്രം ചിത്തരം പേശുതടി 60 ദിവസത്തെ ഷൂട്ടിന് പോയതാണ്. അത് ഒമ്പത് മാസം എടുത്തു'' താരം പറയുന്നു.
അച്ചുവിന്റെ അമ്മയ്ക്ക് ശേഷം ഒരുപാട് ചിത്രങ്ങള്‍ മിസ്സായി. അത് സൂപ്പര്‍ ഹിറ്റായ ശേഷം മലയാളത്തില്‍ ഒരുപാട് ചാന്‍സ് വന്നെങ്കിലും ആ സമയത്ത് വേറൊരു ഗെറ്റപ്പില്‍ താടിയും മീശയും വളര്‍ത്തി നില്‍ക്കുകയായിരുന്നുവെന്നും നരേന്‍ ഓര്‍ക്കുന്നുണ്ട്. എന്നിരുന്നാലും തമിഴ് സിനിമാക്കാരോട് എനിക്കിത് പറ്റില്ല എന്നു പറഞ്ഞ് മലയാളത്തിലേക്ക് പോരാമായിരുന്നു. പക്ഷെ ആ പടം നിന്നു പോകും. അത് ധാര്‍മികമായി ശരിയല്ലല്ലോ എന്നാണ് നരേന്‍ ചോദിക്കുന്നത്. അതേസമയം അയാള്‍ക്ക് തമിഴിലാണ് താല്‍പര്യം എന്ന സംസാരവും ഇവിടെയുണ്ടായി. അതും മലയാളത്തില്‍ ദോഷം ചെയ്തുവെന്നും നരേന്‍ പറയുന്നു.