ആരാധകർക്കൊപ്പമിരുന്ന് ഹൃദയപൂർവ്വം കണ്ട് മോഹൻലാൽ. മോഹൻലാലിന്റെ ഓണചിത്രം ഹൃദയപൂർവ്വം തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഒരിടവേളയ്ക്ക് ശേഷം സൂപ്പർതാരത്തെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയപൂർവ്വം. ഫീൽഗുഡ് കോമഡി ചിത്രമാണ് സിനിമയെന്നാണ് ആദ്യ ദിനം സിനിമ കണ്ടവരുടെ അഭിപ്രായം.
ഹൃദയപൂർവ്വം കുടുംബത്തിനൊപ്പം അമേരിക്കയിൽ വച്ചാണ് മോഹൻലാൽ കണ്ടത്. ഭാര്യ സുചിത്രയ്‌ക്കൊപ്പമാണ് നടൻ അമേരിക്കയിലെ തിയേറ്ററിൽ എത്തിയത്. അമേരിക്കയിലെ മലയാളികൾക്ക് ഒപ്പം ആഘോഷിച്ചാണ് നടൻ സിനിമ കണ്ടത്. തിയേറ്ററിലെത്തിയ സൂപ്പർതാരത്തെ ആർപ്പുവിളികളോടെ വരവേൽക്കുന്ന ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
ഹൃദയപൂർവ്വത്തിലെ മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോയ്ക്ക് നിറഞ്ഞ കയ്യടിയാണ് തിയേറ്ററുകളിൽ ലഭിക്കുന്നത്. തമാശകൾ എല്ലാം വർക്ക് ആയെന്നും ഒരു പക്കാ ഫീൽ ഗുഡ് സിനിമയാണ് ഹൃദയപൂർവ്വം എന്നുമാണ് അഭിപ്രായങ്ങൾ. ഈ വർഷം എമ്പുരാനും തുടരുമിനും ശേഷം മോഹൻലാലിന്റെ മൂന്നാമത്തെ വിജയചിത്രമായി മാറിയിരിക്കുകയാണ് ഹൃദയപൂർവ്വം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.