മോഹന്‍ലാല്‍ അഭിനയിച്ചാല്‍ വിദ്യാര്‍ഥി പോലും ആകില്ല, നല്ലത് മമ്മൂട്ടി തന്നെ; ഒടുവില്‍ തിലകന്‍ പറഞ്ഞത് തന്നെ സംഭവിച്ചു

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (13:36 IST)
മലയാള സിനിമയുടെ പെരുന്തച്ചനാണ് തിലകന്‍. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കൊപ്പവും മോഹന്‍ലാലിനൊപ്പം തിലകന്‍ മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമയില്‍ താന്‍ മമ്മൂട്ടിയെ കാസ്റ്റ് ചെയ്തതിനെ പറ്റി പില്‍ക്കാലത്ത് തിലകന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായ തനിയാവര്‍ത്തനത്തിലേക്കാണ് മമ്മൂട്ടി തന്നെ മതിയെന്ന് തിലകന്‍ ഉറപ്പിച്ചുപറഞ്ഞത്. 
 
ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ച സിനിമയായിരുന്നു തനിയാവര്‍ത്തനം. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി തനിയാവര്‍ത്തനത്തില്‍ അവതരിപ്പിച്ചത്. ബാലന്‍ മാഷ് എന്നാണ് കഥാപാത്രത്തിന്റെ പേര്. സിബി മലയില്‍ ആണ് തനിയാവര്‍ത്തനം സംവിധാനം ചെയ്തത്. സിബി മലയിലിന് ലോഹിതദാസിനെ പരിചയപ്പെടുത്തി കൊടുക്കുന്നത് തിലകനാണ്. 
 
തനിയാവര്‍ത്തനത്തില്‍ തിലകനും ഒരു റോള്‍ ഉണ്ടെന്ന് ലോഹിതദാസും സിബി മലയിലും നേരത്തെ തന്നെ അറിയിച്ചിരുന്നു. പിന്നീടൊരിക്കല്‍ ലോഹിതദാസും സിബി മലയിലും ചേര്‍ന്ന് തിലകനെ വിളിപ്പിച്ചു. ആരായിരിക്കണം തനിയാവര്‍ത്തനത്തില്‍ നായകന്‍ ആകേണ്ടതെന്ന് ഇരുവരും തിലകനോട് അഭിപ്രായം ചോദിച്ചു. കേന്ദ്ര കഥാപാത്രമായ ബാലന്‍ മാഷിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ നല്ലതെന്നായിരുന്നു തിലകനോടുള്ള ചോദ്യം. രണ്ടാമതൊന്ന് ആലോചിക്കാതെ മമ്മൂട്ടി മതിയെന്നാണ് തിലകന്‍ മറുപടി നല്‍കിയത്. അപ്പോള്‍ മോഹന്‍ലാല്‍ പറ്റില്ലേ എന്ന് ലോഹിതദാസും സിബി മലയിലും തിരിച്ചുചോദിച്ചു. മോഹന്‍ലാല്‍ ഈ കഥാപാത്രം അവതരിപ്പിച്ചാല്‍ മാഷ് പോയിട്ട് വിദ്യാര്‍ഥി പോലും ആകില്ലെന്നാണ് തിലകന്‍ അന്ന് മറുപടി നല്‍കിയത്. ബാലന്‍ മാഷിനെ അവതരിപ്പിക്കാനുള്ള ഗൗരവപ്രകൃതം മമ്മൂട്ടിക്ക് മാത്രമാണ് ഉള്ളതെന്നും മോഹന്‍ലാലിന്റെ രൂപവും ഭാവവും ആ കഥാപാത്രത്തിനു ചേരില്ലെന്നും തിലകന്‍ പറയുകയായിരുന്നു. ഞങ്ങളും മമ്മൂട്ടിയെ തന്നെയാണ് ഈ കഥാപാത്രത്തിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ലോഹിതദാസും സിബി മലയിലും തിലകനോട് പറയുകയും ചെയ്തു. അങ്ങനെയാണ് മമ്മൂട്ടി ബാലന്‍ മാഷ് ആകുന്നതും നിരവധി അവാര്‍ഡുകള്‍ ഈ കഥാപാത്രത്തിലൂടെ നേടിയെടുക്കുന്നതും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍