പാപ്പനും പിള്ളേരും വരുവാ കേട്ടോ..ഇനി അങ്ങോട്ട് ആടുകാലം എന്നാണ് ജയസൂര്യ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. പാപ്പന്‍ സിന്‍ഡിക്കേറ്റ് വരാര്‍ എന്നായിരുന്നു മിഥുന്‍ കുറിച്ചത്. ഒരു പരാജയ സിനിമയുടെ മൂന്നാം ഭാഗം സംഭവിക്കുന്നു എന്ന വലിയ പ്രത്യേകത കൂടി സിനിമയുടെ മൂന്നാം ഭാഗം ഇറങ്ങുമ്പോള്‍ ആടിന് കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു. തുടര്‍ച്ചയായ വിജയങ്ങള്‍ നേടി മലയാള സിനിമ ഇന്ത്യന്‍ ബോക്‌സോഫീസില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിനിടെയാണ് വമ്പന്‍ ബജറ്റില്‍ സിനിമയുടെ പ്രഖ്യാപനം.
ജയസൂര്യയ്‌ക്കൊപ്പം സൈജു കുറുപ്പ്,വിനായകന്‍,വിജയ് ബാബു,സണ്ണി വെയ്ന്‍,ധര്‍മജന്‍ ബോള്‍ഗാട്ടി,സുധി കോപ്പ തുടങ്ങിയ താരങ്ങളാണ് ആടിലെ പ്രധാനതാരങ്ങള്‍. 2015ലാണ് ആട് ഒരു ഭീകരജീവിയാണ് എന്ന ആട് ഫ്രാഞ്ചൈസിയിലെ ആദ്യ സിനിമ പുറത്തിറങ്ങിയത്. തിയേറ്ററില്‍ പരാജയമായിരുന്ന സിനിമ സോഷ്യല്‍ മീഡിയ പിന്‍കാലത്ത് ഏറ്റെടുത്തതോടെയാണ് സിനിമയ്ക്ക് രണ്ടാം ഭാഗം സംഭവിച്ചത്. ആട് 2 തിയേറ്ററുകളില്‍ വമ്പന്‍ വിജയമായിരുന്നു. ഇതിന് തുടര്‍ച്ചയായാണ് സിനിമയ്ക്ക് മൂന്നാം ഭാഗം സംഭവിക്കുന്നത്.