Samrajjyam: 35 വർഷങ്ങൾക്ക് ശേഷം അലക്സാണ്ടർ വരുന്നു; 'സാമ്രാജ്യം' റീ റിലീസ് ഓണത്തിന്

നിഹാരിക കെ.എസ്

ഞായര്‍, 17 ഓഗസ്റ്റ് 2025 (17:32 IST)
റീ റിലീസുകൾക്ക് വൻ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. പണ്ട് തിയറ്ററുകളിൽ പോയി സിനിമ കാണാൻ കഴിയാതിരുന്നവർക്ക് വലിയൊരാശ്വാസമാണ് റീ റിലീസുകൾ. റീ റിലീസ് ഓളത്തിൽ മമ്മൂട്ടി ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല. ആ ക്ഷീണം മാറ്റാൻ 35 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയുടെ എവർഗ്രീൻ കഥാപാത്രം വരുന്നു. മമ്മൂട്ടിയുടെ ഐക്കണിക് ​ഗ്യാങ്സ്റ്റർ ഡ്രാമ സാമ്രാജ്യം വീണ്ടും തിയറ്ററുകളിലെത്തുകയാണ്.
 
ജോമോൻ സംവിധാനം ചെയ്ത് 1990 ൽ റിലീസ് ചെയ്ത സാമ്രാജ്യത്തിന്റെ 4K ഡോൾബി അറ്റ്മോസ് പതിപ്പാണ് റീ റിലീസിനെത്തുന്നത്. 2025 സെപ്റ്റംബർ മാസത്തിലാണ് ചിത്രത്തിന്റെ റീ റിലീസ് ഉണ്ടാവുക എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രം 4K ഡോൾബി അറ്റ്മോസിലേക്ക് മാറ്റുന്നതിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.
 
ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ നിർമിച്ച ഈ ചിത്രം രചിച്ചത് ഷിബു ചക്രവർത്തിയാണ്. ആരിഫ റിലീസ് ആണ് ചിത്രം വിതരണം ചെയ്യുന്നത്. 1990 കാലഘട്ടത്തിലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായാണ് 'സാമ്രാജ്യം" പ്രദർശനത്തിനെത്തിയത്.
 
അന്നത്തെ കാലത്ത് തന്നെ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ നിർമാണ ചെലവ് വന്ന ചിത്രമാണിത്. മമ്മൂട്ടിയെ സ്റ്റൈലിഷ് നായകനായി അവതരിപ്പിച്ച ചിത്രം അതിന്റെ മേക്കിങ് മികവ് കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ച ചിത്രം സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. സിനിമ ഇൻഡസ്ട്രി ഹിറ്റായിരുന്നു അക്കാലത്ത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍