അടുത്തിടെയായി മലയാളസിനിമയില്‍ ഏറ്റവും അപ്‌ഡേറ്റഡായ താരമെന്ന വിശേഷണം ഏറ്റുവാങ്ങുന്ന താരമാണ് മമ്മൂട്ടി. സമീപകാലത്തായി മമ്മൂട്ടി തെരെഞ്ഞെടുക്കുന്ന ചിത്രങ്ങളെല്ലാം ഇതിന് തെളിവ് നല്‍കുന്നു. പുതിയ മമ്മൂട്ടി അപ്‌ഡേഷനൊപ്പം തന്നെയാണ് മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ കമ്പനിയുടെയും പിറവി. കച്ചവടസിനിമകള്‍ക്ക് മാത്രം പിന്നാലെ പോകാതെ തന്നിലെ നടനെയും തന്നിലെ താരത്തിന്റെ വ്യാപാരസാധ്യതകളെയും ഒരുപോലെ കൈമുതലാക്കുകയാണ് മമ്മൂട്ടി തന്റെ മമ്മൂട്ടി കമ്പനിയിലൂടെ. കണ്ണൂര്‍ സ്‌ക്വാഡ് കൂടി തിയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ ഒരു പ്രൊഡക്ഷന്‍ ഹൗസെന്ന പേരില്‍ മമ്മൂട്ടി കമ്പനി കൂടി ആരാധകര്‍ക്കിടയില്‍ ഒരു ബ്രാന്‍ഡായി മാറുകയാണ്.
4 ചിത്രങ്ങളാണ് ഇതുവരെ മമ്മൂട്ടി കമ്പനിയുടെ കീഴില്‍ മമ്മൂട്ടി ചെയ്തത്. ഇതില്‍ 3 ചിത്രങ്ങള്‍ മാത്രമാണ് ഇതുവരെ പുറത്തുവന്നത്, ആദ്യ നിര്‍മാണചിത്രമായി ഇറങ്ങിയ റോഷാക് നിരൂപക പ്രശംസയും ബോക്‌സോഫീസില്‍ വിജയവും നേടിയപ്പോള്‍ മമ്മൂട്ടി എന്ന നടന്റെ സാധ്യതകള്‍ പരീക്ഷിക്കുന്നതായിരുന്നു രണ്ടാമത്തെ ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമ. ചിത്രത്തിലെ പ്രകടനത്തോടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടാനും മമ്മൂട്ടിക്ക് സാധിച്ചു.
കരിയറില്‍ വേറിട്ട ചിത്രങ്ങള്‍ ചെയ്ത് കളം പിടിക്കുമ്പോഴാണ് കൂടുതല്‍ അഭിനയസാധ്യതകളും അതോടൊപ്പം പരീക്ഷണാത്മകതയും വ്യത്യസ്തതയുമുള്ള ചിത്രങ്ങളാണ് മമ്മൂട്ടി കമ്പനിയുടേതായി ഇതുവരെ പുറത്തിറങ്ങിയ ചിത്രങ്ങളാണ്. ജ്യോതിക നായികയായെത്തുന്ന ജിയോ ബേബി ചിത്രമായ കാതല്‍ എന്ന സിനിമയാണ് മമ്മൂട്ടി കമ്പനിയുടേതായി ഇനി പൂറത്തിറങ്ങാനുള്ളത്. പുതിയ ചിത്രങ്ങളൊന്നും തന്നെ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല