Rekhachithram: അതൊരു ബ്രില്യന്റ് ചിന്തയായിരുന്നു, പിന്തുണ നല്‍കേണ്ടത് നമ്മളല്ലെ, രേഖാചിത്രത്തില്‍ മമ്മൂട്ടി ചേട്ടനായത് പറഞ്ഞ് മെഗാസ്റ്റാര്‍

അഭിറാം മനോഹർ

ശനി, 25 ജനുവരി 2025 (10:56 IST)
2025ല്‍ മലയാളത്തിലെ ആദ്യ ഹിറ്റ് സിനിമയെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ആസിഫ് അലി നായകനായെത്തിയ രേഖ ചിത്രം. മിസ്റ്ററി ക്രൈം ത്രില്ലറില്‍ മലയാളത്തില്‍ അത്ര പരിചയമല്ലാത്ത കഥാപരിസരത്ത് നിന്നാണ് സിനിമ കഥ പറഞ്ഞത്. 1985ല്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു രേഖാചിത്രത്തിന്റെ കഥ.
 
സിനിമയില്‍ എ ഐ സാങ്കേതികവിദ്യയുടെ സഹായത്താലാണ് പഴയകാല മമ്മൂട്ടിയെ പുനര്‍നിര്‍മിച്ചത്. സിനിമയ്ക്കായി മമ്മൂട്ടി നേരിട്ട് തന്നെ ഡബ് ചെയ്തതും പുതുമയായി. ഇതോടെ സിനിമ വലിയ രീതിയില്‍ പ്രേക്ഷകരിലെത്തി. സിനിമയുടെ സത്യസന്ധമായ കഥയില്‍ താനും ഭാഗമായിരുന്നുവെന്നും അതിനാല്‍ തന്നെ സിനിമയില്‍ നിന്നും മാറി നിന്നാല്‍ സിനിമ പൂര്‍ണമാവില്ലായിരുന്നുവെന്നും മമ്മൂട്ടി പറയുന്നു. പാരലല്‍ ഹിസ്റ്ററിയില്‍ അധികം സിനിമകള്‍ വന്നിട്ടില്ല. അങ്ങനെയുള്ള കാര്യങ്ങള്‍ പരീക്ഷിക്കുമ്പോള്‍ നമ്മളും കൂടെനില്‍ക്കണ്ടെ, മമ്മൂട്ടി ചോദിക്കുന്നു. പുതിയ സിനിമയായ ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
 ഈ മമ്മൂട്ടി ചേട്ടന്‍ എന്ന് പറയുന്നതൊക്കെ സ്വന്തം അനുഭവങ്ങളാണ്. മമ്മൂട്ടി ചേട്ടാ എന്ന് പറഞ്ഞിട്ട് എനിക്കന്ന് കത്തുകളൊക്കെ വന്നിട്ടുണ്ട്. സത്യത്തില്‍ അതൊരു ബ്രില്യന്റ് ചിന്തയാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ നമ്മള്‍ കൂടെ നില്‍ക്കേണ്ടതല്ലെ, അത് മാത്രമെ ഞാനും ചെയ്തിട്ടുള്ളു. മമ്മൂട്ടി പറഞ്ഞു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍