വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെ മുഖം ആദ്യമായി പതിഞ്ഞിട്ട് ഇന്നേക്ക് അരനൂറ്റാണ്ട്. ഊരും പേരുമില്ലാത്ത കഥാപാത്രത്തില്‍ നിന്ന് മലയാള സിനിമയുടെ അമരത്തേക്ക് എത്തിയ ചരിത്രമാണ് മമ്മൂട്ടിയുടെ അഭിനയജീവിതത്തിനു പറയാനുള്ളത്. സിനിമയ്ക്കായി സ്‌നാനം ചെയ്ത യുവാവിന്റെ ജീവിതം പിന്നീട് സിനിമാകഥ പോലെ സംഭവബഹുലമായി. അഭിനയത്തിന്റെ കൊടുമുടി കയറിയും താരപദത്തില്‍ അതികായനായി നെഞ്ചുംവിരിച്ചു നിന്നും മമ്മൂട്ടി മലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമായി. ആവര്‍ത്തന വിരസതയില്ലാതെ മമ്മൂട്ടി ഇന്നും അഭിനയിക്കുകയാണ്. നാനൂറാമത്തെ സിനിമയും അയാള്‍ക്ക് അരങ്ങേറ്റ ചിത്രമാണ്. തുടക്കക്കാരന്റെ കൗതുകത്തോടെയാണ് ഇന്നും ഓരോ കഥാപാത്രങ്ങളെയും മമ്മൂട്ടി സമീപിക്കുന്നത്. ആ യാത്ര തുടങ്ങിയത് ഇവിടെ നിന്നാണ്...കൃത്യമായി പറഞ്ഞാല്‍ 1971 ഓഗസ്റ്റ് ആറിന് തിയറ്ററുകളിലെത്തിയ 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ നിന്ന്...പത്തും ഇരുപതുമല്ല, കരകാണാകടല്‍ പോലെ വിശാലമായി കിടക്കുന്ന അഭിനയ ജീവിതത്തിന്റെ അമ്പത് വര്‍ഷങ്ങള്‍...!
പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ മുഖം കാണിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. മനസില്‍ നിറയെ സിനിമയുമായി നടക്കുന്ന ചെറുപ്പക്കാരന്‍. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്. അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമകളിലൊന്ന് കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രങ്ങളിലൊന്ന് തന്നെ മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി.
കെ.എസ്.സേതുമാധവനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. കോളേജില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് ഷൂട്ടിങ് കാണാന്‍ എത്തിയ മുഹമ്മദ് കുട്ടി സംവിധായകന്‍ സേതുമാധവന്റെ പിന്നാലെ നടന്ന് ചാന്‍സിനായി കെഞ്ചി. 'സാര്‍ എനിക്കൊരു റോള്‍ തരുമോ' എന്ന് സേതുമാധവനോട് ഒന്നിലേറെ തവണ താന്‍ ആവശ്യപ്പെട്ടുവെന്ന് മമ്മൂട്ടി തന്നെ പില്‍ക്കാലത്ത് വെളിപ്പെടുത്തിയിട്ടുണ്ട്. ഒടുവില്‍ മുഹമ്മദ് കുട്ടിയെന്ന ആ സിനിമാഭ്രാന്തന് ഒരു അവസരം കൊടുക്കാന്‍ സേതുമാധവന്‍ തീരുമാനിച്ചു. ഊരും പേരുമില്ലാത്ത കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. ഡയലോഗ് പോലും ഇല്ലായിരുന്നു. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ഊരും പേരുമില്ലാത്ത ആ കഥാപാത്രത്തില്‍ നിന്ന് മമ്മൂട്ടിയെന്ന മഹാമേരു അഭിനയത്തിന്റെ ആഴങ്ങളിലേക്ക് വേരിറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. മലയാള സിനിമ മലയാളത്തിനു പുറത്തേക്ക് ശ്രദ്ധിക്കപ്പെടുന്നത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി.ജോര്‍ജ്, പത്മരാജന്‍, എം.ടി.വാസുദേവന്‍ നായര്‍, ജോഷി, ഐ.വി.ശശി തുടങ്ങിയ പ്രതിഭാധനരുടെ സിനിമകളിലെ മമ്മൂട്ടി കഥാപാത്രങ്ങള്‍ മലയാളത്തിനു പുറത്തും ആഘോഷിക്കപ്പെട്ടു. പ്രാദേശിക ഭാഷയില്‍ അല്ലാതെ മറ്റൊരു ഭാഷയില്‍ അഭിനയിച്ച് ദേശീയ അവാര്‍ഡ് നേടുകയെന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു നേട്ടം ബാബാ സാഹേബ് അംബേദ്കറിലൂടെ മമ്മൂട്ടി കരസ്ഥമാക്കി.
അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലൂടെ. തന്റെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളാണ് തന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.
'എനിക്ക് ആര്‍ത്തിയാണ്...പണത്തോടല്ല...സിനിമയോട്,' പഴയൊരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞതാണ്. വെള്ളിത്തിരയില്‍ എത്തിയിട്ട് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കുമ്പോഴും മമ്മൂട്ടി തന്റെ അഭിനയത്തോടുള്ള ആര്‍ത്തി തുടരുകയാണ്. 'വര്‍ഷം കുറേയായില്ലേ, നിങ്ങള്‍ക്ക് ഈ പരിപാടി ബോറടിക്കുന്നില്ലേ?' എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഇന്നും മമ്മൂട്ടി വാചാലനാകും അഭിനയത്തോടുള്ള തന്റെ ആര്‍ത്തിയെ കുറിച്ച് !