അമിതമായ നികുതി ഈടാക്കി വലിയ തുക സര്‍ക്കാരിന് ലഭിച്ചിട്ടും സിനിമയ്ക്ക് ഗുണകരമായ ഒരു സഹായവും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു. സിനിമാ നിര്‍മാതാക്കളുടെ സംഘടനയോടൊപ്പം ഫെഫ്ക, എക്‌സിബിറ്റേഴ്‌സ്, വിതരണക്കാര്‍ തുടങ്ങിയ യൂണിയനുകളുമായി നടന്ന സംയുക്ത യോഗത്തിലാണ് സുരേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സുരേഷ് കുമാറിന്റെ വാക്കുകള്‍.
ആദ്യമായി പറയാനുള്ളത് മലയാള സിനിമ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ 24 സിനിമകള്‍ മാത്രമാണ് ഓടിയത്. 10 ശതമാനത്തില്‍ നിന്നും 12 ശതമാനമായി വിജയശതമാനം ഉയര്‍ന്നെങ്കിലും 176 സിനിമകളാണ് ബോക്‌സോഫീസില്‍ തകര്‍ന്നടിഞ്ഞത്. 650- 750 കോടിയുടെ നഷ്ടം കഴിഞ്ഞ വര്‍ഷമുണ്ടായി. നിര്‍മാതാക്കളില്‍ പലരും നാടുവിടേണ്ട അവസ്ഥയിലാണ്.
ജനുവരിയില്‍ 28 സിനിമകള്‍ പുറത്തുവന്നപ്പോള്‍ ആകെ ഒരു സിനിമ മാത്രമാണ് സാമ്പത്തികമായി വിജയിച്ചത്. ഇപ്പോള്‍ ഇറങ്ങിയ 2 ചിത്രങ്ങള്‍ തരക്കേടില്ലാതെ പോകുന്നുണ്ട്. ജനുവരിയില്‍ മാത്രം നഷ്ടം 110 കോടിയാണ്. ഇങ്ങനെ മുന്നോട്ട് പോയാല്‍ വ്യവസായം തകര്‍ന്നടിയും. പ്രൊഡക്ഷന്‍ കോസ്റ്റ് ക്രമാതീതമായി വര്‍ധിച്ചു. ആര്‍ട്ടിസ്റ്റുകളുടെ പ്രതിഫലം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. മലയാള സിനിമയ്ക്ക് താങ്ങാവുന്നതിലും പത്തിരട്ടിയാണിത്. ഇവര്‍ക്കൊന്നും ഇന്‍ഡസ്ട്രിയോട് യാതൊരു പ്രതിബദ്ധതയും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. താരങ്ങള്‍ പ്രതിഫലം കുറയ്ക്കാതെ നമുക്ക് മുന്‍പോട്ട് പോകാന്‍ കഴിയില്ല. സുരേഷ്‌കുമാര്‍ പറഞ്ഞു.
ജൂണ്‍ 1 മുതല്‍ കേരളത്തില്‍ സിനിമ സമരമുണ്ടാകുമെന്നും സിനിമ സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനം ഉണ്ടായി. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക. താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂണ്‍ 1 മുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കുന്ന രീതിയ്യിലാണ് സമരം.