കോൺഗ്രസ് നേതാവിന്റെ വാഹനം തടഞ്ഞു നിർത്തുകയും ബോണറ്റിൽ ഇടിക്കുകയും ചെയ്യുന്ന മാധവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവ സ്ഥലത്തെത്തിയ പോലീസ് മാധവിനെ സ്റ്റേഷനിലേക്ക് കൂട്ടി. എന്നാൽ, ഇരുകൂട്ടർക്കും പരാതിയില്ലെന്ന് പറഞ്ഞതോടെ കേസെടുത്തില്ല. ഈ സാഹചര്യത്തിലാണ് മാധവ് പ്രതികരണവുമായെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം.
'നടന്നതിൽ പകുതി കാര്യങ്ങൾ പറയാത്തതും, സംഭവിക്കാത്ത പലകാര്യങ്ങളും പറയപ്പെടുകയും ചെയ്‌തൊരു സംഭവത്തിന്റെ ഭാഗമായിരിക്കുകയാണ് ഞാൻ. തരിമ്പും വസ്തുതാ പരിശോധനയില്ലാതെയാണ് ഇക്കാര്യങ്ങൾ പൊതുജനങ്ങളോട് പറയുന്നത്. വെൽ ഡൺ മീഡിയ. ലൈവ് ടിവിൽ തോന്ന്യാസം വിളിച്ച് പറഞ്ഞ ശേഷം പ്രതികരണത്തിനായി എന്നെ വിളിച്ച മാധ്യമ പ്രവർത്തകന് കൂടുതൽ വലിയൊരു വെൽ ഡൺ' എന്നാണ് മാധവിന്റെ പ്രതികരണം.
ഇന്നലെ രാത്രിയായിരുന്നു സംഭവം. ശാസ്തമംഗലത്തെ കെപിസിസി ഓഫീസിന് സമീപത്തു വച്ചാണ് കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മിൽ തർക്കമുണ്ടാകുന്നത്. വിനോദിന്റെ വാഹനം മാധവിന്റെ കാറിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മാധവ് വാക്ക് തർക്കത്തിലേർപ്പെട്ടത്. മാധവ് മദ്യപിച്ചിരുന്നുവെന്നായിരുന്നു വിനോദിന്റെ ആരോപണം. മാധവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.