Lokah First responses: മലയാളിയുടെ മാർവലിന് ലോകയിലൂടെ തുടക്കം, നിരാശപ്പെടുത്താതെ കല്യാണി, മലയാള സിനിമയിൽ ഇങ്ങനെയൊന്ന് ആദ്യം

അഭിറാം മനോഹർ

വ്യാഴം, 28 ഓഗസ്റ്റ് 2025 (14:30 IST)
മിന്നല്‍ മുരളിയിലൂടെ സൂപ്പര്‍ ഹീറോ സിനിമകള്‍ എന്ന ജോണറിലേക്ക് ചുവടുവെച്ചെങ്കിലും മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സ് എന്ന പോലെ ഒരുപാട് സൂപ്പര്‍ ഹീറോകള്‍ ചേരുന്ന ലോകമെന്നത് മലയാളിക്ക് സ്വപ്നമായിരുന്നു. എന്നാല്‍ ആ സ്വപ്നത്തിലേക്ക് ഇനി അധികം ദൂരമില്ലെന്ന പ്രഖ്യാപനമാണ് കല്യാണി പ്രിയദര്‍ശനെ നായികയാക്കി ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്ത ലോക-ചാപ്റ്റര്‍ 1 ചന്ദ്ര നടത്തുന്നത്.
 
ജെന്‍ഡര്‍ പൊളിറ്റിക്‌സ് ലോകം ചര്‍ച്ചയാക്കുന്ന സമയത്ത് ഒരു വനിതാ സൂപ്പര്‍ ഹീറോയിലൂടെയാണ് മലയാള സിനിമ പുതിയ സിനിമാറ്റിക് യൂണിവേഴ്‌സിലെത്തുന്നത്. സാങ്കേതികമായുള്ള വെല്ലുവിളികള്‍ ചെറിയ ബജറ്റില്‍ മുന്നിലുണ്ടെങ്കിലും അത് ഒരുവിധം പരിഹരിക്കാന്‍ സിനിമയ്ക്കായിട്ടുണ്ട് എന്നതാണ് ഒരു സൂപ്പര്‍ ഹീറോ സിനിമയെന്ന രീതിയില്‍ ലോകയ്ക്കുള്ള ആദ്യ പോസിറ്റീവ്.ഒരു ഡിസ്‌ടോപ്പിയന്‍ കാലത്തെ കഥപറയുന്ന സിനിമയില്‍ മലയാളിയ്ക്ക് കൂടി പരിചിതമായ മിത്തുകളെ ഉള്‍ചേര്‍ത്തികൊണ്ടാണ് ലോക കഥ പറയാന്‍ തുടങ്ങുന്നത്. പ്രാദേശികമായുള്ള മിത്തിനെ പറ്റിയുള്ള കണക്ഷനാണ് പുതിയ ലോകത്തിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുന്നത്.
 
 നിമിഷ് രവിയുടെ കാമറ തന്നെയാണ് സിനിമയുടെ വലിയ കരുത്തായി മാറുന്നത്. മികച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്ന സിനിമയ്ക്കായി സിനിമ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ സ്‌ക്രീനിലെത്തിക്കാന്‍ നിമിഷിന് സാധിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തില്‍ ജേക്‌സ് ബിജോയും ചടുലമായ കട്ടുകളുമായി എഡിറ്റിങ്ങില്‍ ചമന്‍ ചാക്കോയും മികച്ച് നില്‍ക്കുമ്പോള്‍ സാങ്കേതികമായി സുരക്ഷിതമാകാന്‍ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
 
 അഭിനേതാക്കളുടെ പ്രകടനത്തില്‍ തന്റെ ചുമലിലുള്ള ഭാരിച്ച ഉത്തരവാദിത്തം പൂര്‍ത്തിയാക്കാന്‍ കല്യാണിയ്ക്ക് സാധിക്കുന്നുണ്ട്. ചന്ദ്രയായി തകര്‍ത്താടുന്ന കല്യാണി തന്നെയാണ് സിനിമയുടെ നെടുന്തൂണ്‍. പ്രാദേശികലായ മിത്തും ഫോക്ലോറുമാണ് സിനിമയ്ക്ക് കൃത്യമായ വ്യക്തിത്വം നല്‍കുന്നത്.തിരക്കഥയില്‍ പ്രശ്‌നങ്ങളും വിഎഫ്എക്‌സിലെ ചില പോരായ്മകളും ഉണ്ടെങ്കില്‍ കൂടിയും സൂപ്പര്‍ ഹീറോ ലോകത്തിലേക്കുള്ള ആദ്യ ചുവട് വെയ്‌പ്പെന്ന രീതിയിലും മലയാള സിനിമയുടെ മാര്‍ക്കറ്റ് ചെറുതാണ് എന്നതും പരിഗണിക്കുമ്പോള്‍ പ്രേക്ഷകര്‍ എന്തായാലും തിയേറ്ററുകളിലെത്തി വിജയിപ്പിക്കേണ്ട സിനിമയായി ലോക മാറുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ സിനിമകള്‍ ഉണ്ടാകും എന്ന സൂചനയോടെ സിനിമ അവസാനിക്കുമ്പോള്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ കൂടുതല്‍ കഥാപാത്രങ്ങളെ അറിയാനുള്ള ആകാംക്ഷ സിനിമ ബാക്കിവെയ്ക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍