'ലീല' റിലീസിങ്ങ് തടയാനുള്ള ശ്രമം പാളി; ക്ലിയറൻസ് നൽകണമെന്ന് ഹൈക്കോടതി

ചൊവ്വ, 5 ഏപ്രില്‍ 2016 (17:30 IST)
ബിജു മേനോനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന സിനിമയുടെ റിലീസ് തടയാനുള്ള നിർമാതാക്കളുടെ നീക്കത്തിന് തിരിച്ചടി. ചിത്രീകരണാവശ്യമായ പബ്ലിസിറ്റി ക്ലിയറൻസ് നൽകണമെന്ന് ഹൈക്കോടതി ഫിലിം ചേംബറിനോട് നിർദ്ദേശിച്ചു.
 
സിനിമ സെൻസർ ചെയ്യുവാനുള്ള നടപടിക‌ൾ ഫിലിം ചേംബർ അസോസിയേഷൻ എത്രയും പെട്ടന്ന് ചെയ്തു കൊടുക്കണമെന്നും സിനിമക്കായി തയ്യാറാക്കിയ പോസ്റ്ററുകൾ തടഞ്ഞ നീക്കം പിൻവലിക്കണമെന്നും കോടതി വ്യക്തമാക്കി. നിലവില്‍ സിനിമയുടെ പോസ്റ്റര്‍ പരിശോധിച്ച് അംഗീകാരം നല്‍കാനുള്ള അധികാരം കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സിനാണ്.
 
ചിത്രത്തിന്റെ നിർമാതാവ് കൂടിയായ രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. 2015ന്റെ അവസാനം നിര്‍മ്മാതാക്കളുടെ സമരവേളയില്‍ ലീല നിര്‍ത്തിവയ്ക്കണമെന്നു രഞ്ജിത്തിന്നോടു ഇവര്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ രഞ്ജിത്ത് തന്റെ ലീലയുമായി മുന്നോട്ടു നീങ്ങി. ഇതാണ് ലീലയ്ക്ക് അപ്രഖ്യാപിത വിലക്ക് വരാന്‍ കാരണം. ഉണ്ണി ആറിന്റെ ചെറുകഥയായ ലീല അതേ പേരിലാണ് രഞ്ജിത്ത് സിനിമയാക്കുന്നത്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക